
മലയാളികൾക്ക് ചായ വെറുമൊരു പാനീയമല്ല, അതൊരു വികാരമാണ്. ഓരോരുത്തർക്കും ചായ ഉണ്ടാക്കാൻ അവരവരുടേതായ രീതികളുണ്ട്. എന്നാൽ ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചായ നിർമ്മാണ രീതി ചായപ്രേമികളെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. പേര് കേട്ട് ഞെട്ടേണ്ട, സംഗതി ‘പ്രഷർ കുക്കർ ദം ചായ’ ആണ്!
സാധാരണ ഗതിയിൽ ചോറും സാമ്പാറുമൊക്കെ വെക്കാൻ ഉപയോഗിക്കുന്ന കുക്കറിൽ ചായ ഉണ്ടാക്കുന്നത് കേട്ട് നെറ്റിചുളിക്കുന്നവരാണ് അധികവും. ഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലൂടെയുമാണ് ഈ ‘കുക്കർ ചായ’ തരംഗമായത്.
എന്താണ് ഈ വിദ്യ?
തിരക്കുള്ള സമയത്ത് ചായപ്പൊടിയും പാലും വെള്ളവുമെല്ലാം മാറി മാറി തിളപ്പിക്കാൻ നിൽക്കാതെ, എല്ലാ ചേരുവകളും കൂടി ഒന്നിച്ച് കുക്കറിലിട്ട് രണ്ട് വിസിൽ അടിപ്പിച്ചാൽ സംഗതി റെഡി എന്നാണ് ഇതിന്റെ വക്താക്കൾ പറയുന്നത്. നാല് മിനിറ്റിനുള്ളിൽ നല്ല കടുപ്പമേറിയ ചായ കിട്ടുമെന്നതാണ് ഇതിന്റെ ആകർഷണം.
Also Read: ഹെൽത്തി ചീസി എഗ് റോൾ ചെയ്താലോ? റെസിപ്പി ഇതാ…!
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ കുക്കറിലേക്ക് പാൽ, വെള്ളം, ചായപ്പൊടി, പഞ്ചസാര എന്നിവ നേരിട്ട് ഒഴിക്കുന്നു. ചായയ്ക്ക് പ്രത്യേക രുചി കിട്ടാൻ ചതച്ച ഇഞ്ചി, ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട, കുരുമുളക് എന്നിവയും ചേർക്കാം. കുക്കർ അടച്ചുവെച്ച് ഇടത്തരം തീയിൽ രണ്ട് വിസിൽ അടിപ്പിക്കുക. ആവി പൂർണ്ണമായും പോയ ശേഷം അരിച്ചെടുത്താൽ ‘സ്പെഷ്യൽ കുക്കർ ചായ’ കുടിക്കാം.
അനുകൂലിച്ചും പ്രതികൂലിച്ചും സൈബർ ലോകം
ഈ പരീക്ഷണത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കുട്ടികൾക്ക് പിന്നാലെ ഓടുന്ന അമ്മമാർക്കും തിരക്കുള്ള ജോലിക്കാർക്കും ഇതൊരു വലിയ സമയലാഭമാണെന്ന് ചിലർ വാദിക്കുന്നു. എന്നാൽ, ചായയുടെ തനതായ രുചിയും ഗന്ധവും ഇങ്ങനെ ഉണ്ടാക്കിയാൽ ലഭിക്കില്ലെന്നും പാലും ചായപ്പൊടിയും ഒരേസമയം കുക്കറിൽ കിടന്ന് തിളയ്ക്കുന്നത് ചായയുടെ ഗുണം നശിപ്പിക്കുമെന്നും ചായ പ്രേമികൾ അഭിപ്രായപ്പെടുന്നു.
“ചായയുണ്ടാക്കാൻ കുക്കർ ഉപയോഗിച്ചാൽ പിന്നെ അത് കഴുകുന്ന സമയത്ത് ലാഭിച്ച സമയം നഷ്ടമാകില്ലേ?” എന്ന കൗതുകകരമായ ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഏതായാലും ഈ പുതിയ ചായ പരീക്ഷണം ഒന്ന് പരീക്ഷിച്ചു നോക്കാൻ തന്നെയാണ് ഭൂരിഭാഗം ആളുകളുടെയും തീരുമാനം.
The post കുക്കറിൽ ചായയോ? ഇനിയിപ്പോൾ ബിരിയാണി ചെമ്പിൽ കപ്പലണ്ടി വറുക്കുമോ എന്നുകൂടി അറിഞ്ഞാൽ മതി! appeared first on Express Kerala.



