
കൊച്ചി എളമക്കരയിൽ സ്കൂൾ വിട്ട് സൈക്കിളിൽ മടങ്ങുകയായിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയി. എളമക്കര ഭവൻസ് വിദ്യാമന്ദിർ സ്കൂളിലെ വിദ്യാർത്ഥിനി ദീക്ഷിതയ്ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 3.40-ഓടെ ദേശാഭിമാനി റോഡിലായിരുന്നു സംഭവം. പുറകിൽ നിന്ന് അമിതവേഗതയിൽ പാഞ്ഞുവന്ന കാർ ദീക്ഷിതയെ ഇടിച്ചിടുകയായിരുന്നു. ആന്തരിക രക്തസ്രാവം ഉൾപ്പെടെയുള്ള സങ്കീർണ്ണമായ പരിക്കുകളോടെ ദീക്ഷിത ഇപ്പോൾ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിദ്യാർത്ഥിനിയെ ഇടിച്ച ശേഷം കാർ അല്പം വേഗത കുറച്ചെങ്കിലും ഉടൻ തന്നെ നിർത്താതെ ഓടിച്ചുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എളമക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സംശയമുള്ള ചില വാഹനങ്ങളുടെ ഉടമകളോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദ്ദേശിച്ചു. പ്രതിയെ പിടികൂടാനായി വിവിധയിടങ്ങളിലെ ക്യാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
The post വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയി! സംഭവം കൊച്ചിയിൽ appeared first on Express Kerala.



