
ന്യൂസിലാൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ തകർപ്പൻ ബോളിങ് പ്രകടനവുമായി ഇന്ത്യ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവികൾക്ക് തുടക്കത്തിൽ തന്നെ വൻ തിരിച്ചടിയാണ് ഇന്ത്യൻ പേസർമാർ നൽകിയത്. ടീം സ്കോർ അഞ്ച് റൺസിൽ എത്തുമ്പോഴേക്കും രണ്ട് ഓപ്പണർമാരെയും ഡ്രസിങ് റൂമിലെത്തിക്കാൻ ഇന്ത്യക്ക് സാധിച്ചു. മത്സരത്തിലെ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഹെൻറി നിക്കോൾസിനെ നേരിട്ട ആദ്യ പന്തിൽ ക്ലീൻ ബൗൾഡാക്കി അർഷ്ദീപ് സിങ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. തൊട്ടടുത്ത ഓവറിൽ ഡെവൺ കോൺവെയെ രോഹിത് ശർമയുടെ കൈകളിൽ എത്തിച്ച് ഹർഷിത് റാണയും കരുത്തുകാട്ടി.
മോശം ഫോമിലുള്ള പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ഇടംകയ്യൻ പേസർ അർഷ്ദീപ് സിംഗിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ നിർണ്ണായകമായ ഈ മത്സരത്തിനിറങ്ങിയത്. നിക്കോൾസിനെ പുറത്താക്കി അർഷ്ദീപ് ഈ തീരുമാനം ശരിവെക്കുകയും ചെയ്തു. നിലവിൽ ഏഴ് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലാണ് ന്യൂസിലാൻഡ്. വിൽ യങ്ങും ഡാരിൽ മിച്ചലുമാണ് ഇപ്പോൾ ക്രീസിലുള്ളത്. പരമ്പരയിൽ ആധിപത്യം ഉറപ്പിക്കാൻ ഇറങ്ങിയ ഇന്ത്യക്ക് ഈ വിക്കറ്റുകൾ വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.
The post കിവികളെ വിറപ്പിച്ച് ഇന്ത്യൻ പേസർമാർ; 10 റൺസിനിടെ ഓപ്പണർമാർ പുറത്ത്, ഇന്ത്യക്ക് മികച്ച തുടക്കം appeared first on Express Kerala.



