
ഇന്ത്യയുടെ ചരക്കുനീക്ക ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖം രണ്ടാംഘട്ട വികസനത്തിലേക്ക് കടക്കുന്നു. 2028-ഓടെ പൂർത്തിയാകുന്ന 10,000 കോടി രൂപയുടെ ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വിഴിഞ്ഞത്തിന്റെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി അഞ്ചിരട്ടിയായി വർധിക്കും. നിലവിലെ 10 ലക്ഷം ടിഇയു ശേഷിയിൽ നിന്നും 50 ലക്ഷം ടിഇയുവിലേക്ക് തുറമുഖം വളരുന്നതോടെ ലോകത്തെ തന്നെ പ്രധാന ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി വിഴിഞ്ഞം മാറും. ജനുവരി 24-ന് ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കെ നിർമ്മാണ ജോലികൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി വരുന്ന കസ്റ്റംസ് അനുമതികൾ കേരളത്തിന്റെ നികുതി വരുമാനത്തിൽ വലിയ വർധനവുണ്ടാക്കും. ഇറക്കുമതി ചെയ്യുന്ന ചരക്കുകൾ വിഴിഞ്ഞത്ത് എത്തിക്കാനും ഇവിടെ നിന്ന് നേരിട്ട് കയറ്റുമതി ചെയ്യാനുമുള്ള സൗകര്യം ഒരു മാസത്തിനുള്ളിൽ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ക്രൂസ് ടെർമിനൽ കൂടി യാഥാർത്ഥ്യമാകുന്നതോടെ അന്താരാഷ്ട്ര യാത്രാക്കപ്പലുകൾ വിഴിഞ്ഞത്തെത്തും. ഇത് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഊർജ്ജം പകരുകയും വലിയ സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യും.
Also Read: സ്വർണം വാങ്ങുന്നവർക്ക് ആശങ്ക; റെക്കോർഡ് വിലയിൽ മാറ്റമില്ല
വൻകിട കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ലിക്വിഡ് ടെർമിനൽ സൗകര്യമാണ് വിഴിഞ്ഞത്തെ മറ്റ് തുറമുഖങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. രാജ്യാന്തര കപ്പൽ പാതയോട് ചേർന്നുള്ള ഈ സൗകര്യം ഉപയോഗപ്പെടുത്താൻ യൂറോപ്പിലേക്കും ഏഷ്യയിലേക്കും പോകുന്ന കപ്പലുകൾ വിഴിഞ്ഞത്തെ ആശ്രയിക്കും. ഇന്ധന വില്പനയിലൂടെ ലഭിക്കുന്ന ഭീമമായ നികുതി വരുമാനം സംസ്ഥാന ഖജനാവിന് വലിയ മുതൽക്കൂട്ടാകും. കൂടാതെ, കടൽ നികത്തി നിർമ്മിക്കുന്ന 55 ഹെക്ടർ ഭൂമിയിൽ കണ്ടെയ്നർ യാഡ് വികസിപ്പിക്കുന്നതോടെ ഒരേസമയം ഒരു ലക്ഷം കണ്ടെയ്നറുകൾ വരെ ഇവിടെ സൂക്ഷിക്കാനാകും.
വികസനം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രെയ്റ്റ് ബെർത്ത് തുറമുഖമായി വിഴിഞ്ഞം മാറും. എണ്ണൂറ് മീറ്ററിൽ നിന്ന് രണ്ട് കിലോമീറ്ററായി ബെർത്ത് നീളം കൂടുന്നതോടെ ഒരേസമയം നാല് കൂറ്റൻ മദർഷിപ്പുകൾക്ക് ചരക്ക് കൈമാറ്റം നടത്താൻ സാധിക്കും. പുതിയ ഷിപ്പിങ്, ലോജിസ്റ്റിക് കമ്പനികൾ എത്തുന്നതോടെ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. അധികമായി ഭൂമി ഏറ്റെടുക്കാതെ തന്നെ കടൽ നികത്തി വികസനം നടപ്പാക്കുന്നു എന്നത് ഈ പദ്ധതിയുടെ വലിയ പ്രത്യേകതയാണ്.
The post 10,000 കോടിയുടെ രണ്ടാംഘട്ട വികസനം, നികുതി വരുമാനത്തിലും ടൂറിസത്തിലും വൻ കുതിപ്പിന് കേരളം! appeared first on Express Kerala.



