
പശ്ചിമബംഗാളിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ നിപ വൈറസ് ബാധ പടരുന്നത് ആശങ്കയുണ്ടാക്കുന്നു. ഒരാഴ്ചയ്ക്കിടെ ഒരു ഡോക്ടറും മൂന്ന് നഴ്സുമാരും ഉൾപ്പെടെ അഞ്ച് ആരോഗ്യപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സുമാർക്കാണ് ആദ്യം രോഗം ബാധിച്ചത്. നിലവിൽ അഞ്ച് പേരും ബെലെഘട്ടയിലെ ഇൻഫെക്ഷ്യസ് ഡിസീസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗികളുമായി അടുത്ത സമ്പർക്കമുണ്ടായിരുന്ന നൂറോളം പേരെ കണ്ടെത്തി നിലവിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗവ്യാപനം തടയുന്നതിനായി സംസ്ഥാന-കേന്ദ്ര ആരോഗ്യവകുപ്പുകൾ കർശന നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും രോഗസാധ്യതയുള്ളവരെ വേഗത്തിൽ തിരിച്ചറിയാനുമുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
Also Read: ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
ബംഗാളിൽ നിപയുടെ ചരിത്രം പരിശോധിച്ചാൽ, 2001-ൽ സിലിഗുരിയിലാണ് രാജ്യത്ത് ആദ്യമായി വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. അന്ന് 45 പേർ മരണപ്പെട്ടിരുന്നു. പിന്നീട് 2007-ൽ നാദിയയിലും രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ 2018, 2021, 2023, 2024 വർഷങ്ങളിൽ നിപ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1998-ൽ മലേഷ്യയിൽ ആദ്യമായി കണ്ടെത്തിയ ഈ വൈറസ്, സിംഗപ്പൂർ വഴി ഇന്ത്യയിലേക്കും പടരുകയായിരുന്നു.
The post പശ്ചിമ ബംഗാളിൽ നിപ ഭീതി; അഞ്ച് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു appeared first on Express Kerala.



