loader image
തിരിച്ചടിയിൽ സിപിഎമ്മിന്റെ ലെവൽ തെറ്റി; സജി ചെറിയാന് മറുപടിയുമായി പി.എം.എ സലാം

തിരിച്ചടിയിൽ സിപിഎമ്മിന്റെ ലെവൽ തെറ്റി; സജി ചെറിയാന് മറുപടിയുമായി പി.എം.എ സലാം

ദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളുടെ പേര് പരാമർശിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ സിപിഎമ്മിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുവെന്നും വർഗീയതയെ പ്രീണിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

സ്ഥാനാർത്ഥികളുടെ പേര് നോക്കി കാര്യങ്ങൾ നിശ്ചയിക്കാനാണോ മന്ത്രി പറയുന്നതെന്ന് പി.എം.എ സലാം ചോദിച്ചു. ജനങ്ങൾ വോട്ട് ചെയ്യുന്നത് പേരുകൾ നോക്കിയാണോ എന്നും അദ്ദേഹം പരിഹസിച്ചു. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ മാർക്സിസം എന്തെന്നറിയാത്ത മുസ്‌ലിങ്ങളെ സ്ഥാനാർത്ഥികളാക്കുന്നത് സിപിഎമ്മാണ്. മലപ്പുറത്ത് മാത്രം എട്ട് സീറ്റുകളിൽ ഇത്തരത്തിലാണ് അവർ മത്സരിപ്പിച്ചത്. കാസർകോട് നഗരസഭയിലെ കണക്കുകൾ പറയുന്ന മന്ത്രിക്ക് ബിജെപി പോലും മുസ്‌ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാറുണ്ടെന്ന വസ്തുത അറിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.

Also Read: വാക്കുകൾ വളച്ചൊടിച്ചു, ഞാൻ മതേതരവാദി; വർഗീയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ

സിപിഎം ചരിത്രം ഓർമ്മിപ്പിച്ച് ലീഗ്

മുസ്‌ലിം ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് രൂപീകരിച്ച സംഘടനകളെ കേരളത്തിൽ വളർത്തിയത് സിപിഎമ്മാണെന്ന് സലാം കുറ്റപ്പെടുത്തി. പിഡിപിയെയും എസ്ഡിപിഐയെയും പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ട്. ലീഗിനെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. എന്നാൽ ആ തന്ത്രത്തിൽ ലീഗ് വീഴില്ലെന്നും കേരളത്തിൽ വർഗീയതയെ തടഞ്ഞുനിർത്തുന്നത് മുസ്‌ലിം ലീഗാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  മഞ്ഞപ്പടയുടെ മുന്നേറ്റനിരയിൽ ഇനി ഫ്രഞ്ച് കരുത്ത്! പിഎസ്ജിയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്ക്; കെവിൻ യോക്ക് എത്തി

യുഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ ആരോപണം. മലപ്പുറം ജില്ലാ പഞ്ചായത്തിലോ കാസർകോട് നഗരസഭയിലോ ജയിച്ചവരുടെ പേര് പരിശോധിച്ചാൽ പ്രത്യേക സമുദായത്തിൽപ്പെട്ടവർ മാത്രമാണ് വിജയിക്കുന്നതെന്ന് കാണാമെന്നും ഇത് കേരളത്തെ ഉത്തർപ്രദേശിന് സമാനമാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയെ ന്യായീകരിച്ച് സിപിഎം നേതാവ് എം.എ ബേബിയും രംഗത്തെത്തിയിരുന്നു.

The post തിരിച്ചടിയിൽ സിപിഎമ്മിന്റെ ലെവൽ തെറ്റി; സജി ചെറിയാന് മറുപടിയുമായി പി.എം.എ സലാം appeared first on Express Kerala.

Spread the love

New Report

Close