
സ്കോഡ ഇന്ത്യ തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ കുഷാഖിന്റെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ പുറത്തിറക്കി. പച്ച നിറത്തിലുള്ള മൂടുപടം കൊണ്ട് പൊതിഞ്ഞ നിലയിലുള്ള വാഹനത്തിന്റെ രൂപരേഖ മാത്രമാണ് ഇപ്പോൾ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. 2026 മോഡലായി വിപണിയിലെത്തുന്ന ഈ വാഹനത്തിന് ഡിസൈനിലും ഫീച്ചറുകളിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ടീസർ നൽകുന്ന സൂചന. പുറംമോഡിയിൽ കാര്യമായ പുതുമകൾ കൊണ്ടുവരുമ്പോൾ തന്നെ വാഹനത്തിന്റെ മെക്കാനിക്കൽ വശങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല.
പുതിയ സ്കോഡ കിയാൽകിൽ നിന്നും കോഡിയാക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള രൂപമാറ്റമായിരിക്കും കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൽ പ്രകടമാകുക. പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും ഹെഡ്‌ലാമ്പുകളും വലിയ ഫോഗ് ലാമ്പ് അസംബ്ലിയും വാഹനത്തിന് കൂടുതൽ കരുത്തുറ്റ ലുക്ക് നൽകും. കോഡിയാക്കിന് സമാനമായ കണക്റ്റഡ് ഡിആർഎല്ലുകളും ടെയിൽലാമ്പുകളും ബ്ലാക്ക്-ഔട്ട് അലോയ് വീലുകളും വാഹനത്തിന്റെ പ്രീമിയം ലുക്ക് വർധിപ്പിക്കും.
ഫീച്ചറുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്കോഡ സ്വീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾ ഏറെ നാളായി കാത്തിരുന്ന പനോരമിക് സൺറൂഫ് ഈ പതിപ്പിൽ ഇടംപിടിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ സുരക്ഷയ്ക്കായി ലെവൽ 2 എഡിഎഎസ് (ADAS), 360 ഡിഗ്രി ക്യാമറ തുടങ്ങിയ നൂതന സംവിധാനങ്ങളും വാഹനത്തിലുണ്ടാകും. കൂടുതൽ വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വെന്റിലേറ്റഡ് സീറ്റുകളും പുതിയ അപ്‌ഹോൾസ്റ്ററിയും അകത്തളത്തിന് കൂടുതൽ ആഡംബരം പകരും.
എഞ്ചിൻ കരുത്തിന്റെ കാര്യത്തിൽ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ, 1.5 ലിറ്റർ ടിഎസ്ഐ ടർബോ പെട്രോൾ എന്നിങ്ങനെ നിലവിലുള്ള ഓപ്ഷനുകൾ തന്നെയാകും തുടരുക. ഇവ യഥാക്രമം 115 ബിഎച്ച്പി, 150 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. 6-സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ, 7-സ്പീഡ് ഡിസിടി ഗിയർബോക്സുകൾ ഇതിലുണ്ടാകും. നിലവിൽ 10.66 ലക്ഷം മുതൽ 18.49 ലക്ഷം രൂപ വരെ വിലയുള്ള കുഷാഖിന്റെ പുതിയ പതിപ്പിന് നേരിയ വില വർദ്ധനവ് പ്രതീക്ഷിക്കാം. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ വമ്പന്മാരുമായാണ് കുഷാഖ് പ്രധാനമായും മത്സരിക്കുന്നത്.
The post പച്ച പുതച്ച് സ്കോഡ കുഷാഖ് വരുന്നു! പുതിയ ടീസർ പുറത്ത്; ഇനി ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പേറും appeared first on Express Kerala.



