
മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’ പ്രദർശനത്തിന് തയ്യാറെടുക്കുന്നു. സെൻസർ നടപടികൾ പൂർത്തിയാക്കിയ ചിത്രത്തിന് ‘UA’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 14 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനുവരി 22-ന് തിയേറ്ററുകളിലെത്തും. പ്രശസ്ത സംഗീത ത്രയം ശങ്കർ-ഇഹ്സാൻ-ലോയ് ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർഗ്രൗണ്ട് റെസ്‌ലിങ് ക്ലബ്ബിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡബ്ല്യൂ.ഡബ്ല്യൂ.ഇ റെസ്‌ലിംഗിലെ ജനപ്രിയ കഥാപാത്രങ്ങളിൽ നിന്നും ആക്ഷൻ ശൈലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ടീസറും താരങ്ങളുടെ വ്യത്യസ്തമായ ലുക്കുകളും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു.
Also Read: റിയാദിൽ രാജകീയ വരവ്; ജോയ് അവാർഡ്‌സ് വേദിയിൽ വിസ്മയമായി കിംഗ് ഖാൻ
യുവപ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾക്കൊപ്പം മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യവും ചിത്രത്തിന്റെ ഹൈപ്പ് വർദ്ധിപ്പിക്കുന്നു. സിനിമയിൽ മമ്മൂട്ടി ഒരു നിർണ്ണായകമായ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ അതീവ രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്ന് റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത ആക്ഷൻ-കോമഡി അനുഭവമായിരിക്കും ചത്താ പച്ചയെന്നാണ് പ്രതീക്ഷിക്കുന്നത്.
The post ആക്ഷൻ മാമാങ്കത്തിന് ‘ചത്താ പച്ച’ റെഡി; സെൻസർ പൂർത്തിയായി! appeared first on Express Kerala.



