
തൃശൂർ: കേച്ചേരി ആളൂർ-കണ്ടിയൂർ പാടത്ത് ചാക്കിൽ കെട്ടി മാലിന്യം വലിച്ചെറിഞ്ഞ വീട്ടുകാരെ കൊറിയർ കവറിലെ വിലാസം വെച്ച് ആരോഗ്യ പ്രവർത്തകർ പിടികൂടി. ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറി അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുട്ടികളുടെ നാപ്കിനുകൾ എന്നിവയാണ് ചാക്കിലാക്കി കാനയിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. മാലിന്യം പരിശോധിച്ച ആരോഗ്യവകുപ്പ് ജീവനക്കാർക്ക് അതിനുള്ളിൽ നിന്ന് ഒരു കൊറിയർ പ്ലാസ്റ്റിക് കവർ ലഭിച്ചു. അതിലെ വിലാസം പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടാണശ്ശേരിയിലെ ഒരു വീട്ടിൽ നിന്നുള്ളതാണ് ഈ മാലിന്യമെന്ന് സ്ഥിരീകരിച്ചത്. ഇവർ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
മാലിന്യം തള്ളിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. കെ.പി. ചിന്ത അറിയിച്ചു. പിഴ അടക്കുന്നതിനായി പഞ്ചായത്തിൽ ഹാജരാകാൻ ഇവർക്ക് നിർദ്ദേശം നൽകി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എംപി സജീപും വ്യക്തമാക്കി. പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ വിവി തിലകൻ, വാർഡ് മെമ്പർ ജോൺ കാക്കശ്ശേരി, ഹെൽത്ത് ഇൻസ്പെക്ടർ എൻഎഫ് ജോസഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി ബിഞ്ചു ജേക്കബ്, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നെഴ്സ് കെ വി വിനീത തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
The post കൊറിയർ കവർ വില്ലനായി; റോഡരികിൽ നാപ്കിനും പ്ലാസ്റ്റിക്കും തള്ളിയ വീട്ടുകാരെ കണ്ടെത്തി ആരോഗ്യ വകുപ്പ് appeared first on Express Kerala.



