
ബിജെപിയുടെ ദേശീയ അധ്യക്ഷനായി വർക്കിങ് പ്രസിഡന്റ് നിതിൻ നബീൻ നാളെ ഔദ്യോഗികമായി ചുമതലയേൽക്കും. സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് 46-കാരനായ നിതിൻ നബീൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് അപ്രതീക്ഷിതമായി നബീൻ ഈ ഉന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ വർക്കിങ് പ്രസിഡന്റായി പ്രവർത്തിക്കുന്ന അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. നിലവിലെ അധ്യക്ഷൻ ജെ.പി. നദ്ദയുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഈ പുതിയ മാറ്റം.
ആർഎസ്എസിൽ പത്ത് വർഷത്തോളം പ്രവർത്തിച്ച പാരമ്പര്യമുള്ള നിതിൻ നബീൻ യുവമോർച്ചയിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. 2006-ൽ പാറ്റ്‌ന വെസ്റ്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹം ബിഹാർ മന്ത്രിസഭയിലും അംഗമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതലകൾ വിജയകരമായി പൂർത്തിയാക്കിയ അനുഭവപരിചയം അദ്ദേഹത്തിനുണ്ട്. കേരളം, തമിഴ്നാട്, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകളാണ് പുതിയ അധ്യക്ഷനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.
The post ബിജെപിയെ നയിക്കാൻ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി നിതിൻ നബീൻ വരുന്നു appeared first on Express Kerala.



