
തിരുവനന്തപുരം: സിറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഔദ്യോഗിക വാഹനം ഒഴിവാക്കി സന്ദർശനം നടത്തിയതിനെക്കുറിച്ചുള്ള വിവാദങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സന്ദർശനം തികച്ചും പരസ്യമായിരുന്നുവെന്നും സ്വകാര്യ വാഹനത്തിൽ പോകേണ്ടി വന്ന സാഹചര്യം സാങ്കേതികമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ഔദ്യോഗിക വാഹനം ഒഴിവാക്കി സഭാ ആസ്ഥാനത്ത് എത്തിയതിൽ ദുരൂഹതയില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. തന്റെ വാഹനത്തിന്റെ ടയറിലെ കാറ്റ് തീർന്നതിനെത്തുടർന്ന് കാക്കനാട്ടുള്ള സുഹൃത്തിന്റെ വീട്ടിൽ കാർ പാർക്ക് ചെയ്യേണ്ടി വന്നു. തുടർന്നാണ് മറ്റൊരു വാഹനത്തിൽ സഭാ ആസ്ഥാനത്തേക്ക് പോയത്. സിനഡ് ആസ്ഥാനത്ത് പോകാൻ ഒളിച്ചോടേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read: സജി ചെറിയാന് മറുപടി നൽകി പി കെ കുഞ്ഞാലിക്കുട്ടി
കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സതീശൻ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ അടക്കമുള്ള സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം അത്താഴവിരുന്നിലും പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്. ഈ സന്ദർശനത്തിന് പിന്നാലെ കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്നു എന്ന തരത്തിൽ ചർച്ചകൾ സജീവമായെങ്കിലും എൽഡിഎഫിൽ തന്നെ തുടരുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു.
സജി ചെറിയാനെതിരെ കടുത്ത വിമർശനം മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശങ്ങൾക്കെതിരെയും പ്രതിപക്ഷ നേതാവ് ശക്തമായി പ്രതികരിച്ചു. മന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ വിദ്വേഷ പ്രസ്താവനയെന്നും അദ്ദേഹം ആരോപിച്ചു. വർഗീയത ആളിക്കത്തിക്കുന്നത് വരുംതലമുറയോടുള്ള ക്രൂരതയാണെന്നും സതീശൻ കൊച്ചിയിൽ പറഞ്ഞു.
The post സിനഡ് ആസ്ഥാനത്ത് പോയത് ഒളിച്ചല്ല! കാറിന്റെ ടയർ പണിമുടക്കിയെന്ന് സതീശൻ; സന്ദർശന വിവാദത്തിൽ മറുപടി appeared first on Express Kerala.



