
നായർ, ഈഴവ സമുദായങ്ങൾ ഏതെങ്കിലും പ്രത്യേക സംഘടനകളുടെ മാത്രം കുത്തകയല്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് മറുപടി നൽകവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമുദായ സംഘടനകൾ പറയുന്നതിനപ്പുറം സ്വതന്ത്രമായി ചിന്തിക്കാൻ ഇന്നത്തെ ജനങ്ങൾക്ക് അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിക്കുന്നത് കാണുമ്പോൾ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് അങ്കലാപ്പിലാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഹിന്ദു വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന മന്ത്രി സജി ചെറിയാന്റെ മോഹം നടക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ചെങ്ങന്നൂരിൽ സജി ചെറിയാൻ വിജയിക്കുന്നത് പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് വാങ്ങിയാണെന്നും, വോട്ട് ലക്ഷ്യം വെച്ച് സമുദായങ്ങളെ പ്രീണിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. സമുദായങ്ങളുടെ പേരിൽ നടത്തുന്ന വോട്ട് കച്ചവടത്തിന് അന്ത്യം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: സിനഡ് ആസ്ഥാനത്ത് പോയത് ഒളിച്ചല്ല! കാറിന്റെ ടയർ പണിമുടക്കിയെന്ന് സതീശൻ; സന്ദർശന വിവാദത്തിൽ മറുപടി
നിലപാടിലുറച്ച് വി.ഡി. സതീശൻ അതേസമയം, മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിദ്വേഷമുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവർത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് മന്ത്രി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത്. സമുദായ നേതാക്കളുമായി തർക്കത്തിനില്ലെന്ന് വ്യക്തമാക്കിയ സതീശൻ, വർഗീയതയ്ക്കെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും പറഞ്ഞു. “സമുദായ നേതാക്കൾക്ക് മുന്നിൽ ഇരുന്നാൽ മതി, കിടക്കേണ്ടതില്ല എന്നാണ് എന്റെ നിലപാട്. സന്ദർശനം തിണ്ണനിരങ്ങലായി അവർ കാണുന്നുണ്ടെങ്കിൽ പോകാതിരിക്കാം,” എന്നും സതീശൻ കടുപ്പിച്ചു പറഞ്ഞു. കോൺഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിനെ അവഗണിച്ചും തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി
The post അത് നടപ്പില്ല മോനേ സജി ചെറിയാനേ… സമുദായങ്ങൾ സംഘടനകളുടെ കുത്തകയല്ല! കെ. സുരേന്ദ്രന്റെ മറുപടി appeared first on Express Kerala.



