loader image
സിബിഐ വേണ്ട, നിലവിലെ അന്വേഷണം തുടരും; ശബരിമല കേസിലെ ഹർജിക്കാർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

സിബിഐ വേണ്ട, നിലവിലെ അന്വേഷണം തുടരും; ശബരിമല കേസിലെ ഹർജിക്കാർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അഖില തന്ത്രി പ്രചാരക് സഭയുടെ ഹർജിക്കെതിരെ ഹൈക്കോടതി ദേവസ്വം ബെഞ്ച് രൂക്ഷമായ വിമർശനം ഉന്നയിച്ചു. കേസിൽ കൃത്യമായ നടപടികൾ നടന്നുകൊണ്ടിരിക്കെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാതെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.

പത്തോളം ഇടക്കാല ഉത്തരവുകൾ കോടതി ഇതിനോടകം പുറപ്പെടുവിച്ച കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് പ്രതികളെ സംരക്ഷിക്കാനാണോ എന്ന് കോടതി ചോദിച്ചു. കേസിലെ പ്രതികളെല്ലാം നിരപരാധികളാണെന്നാണോ ഹർജിക്കാരുടെ വാദമെന്ന് ആരാഞ്ഞ കോടതി, വിഷയം കൂടുതൽ വാദത്തിനായി ഫെബ്രുവരി നാലിലേക്ക് മാറ്റുകയും പ്രത്യേക അന്വേഷണ സംഘം (SIT) അടക്കമുള്ള എതിർകക്ഷികളോട് മറുപടി തേടുകയും ചെയ്തു.

Also Read: ദീപക്കിന്റെ മരണം! യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പരാതി; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ

അതേസമയം, പ്രത്യേക അന്വേഷണ സംഘം കേസിൽ നിർണ്ണായകമായ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ ഉൾപ്പെടെയുള്ള സ്വർണ്ണപ്പാളികളിൽ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ ഫലമാണ് റിപ്പോർട്ടിലെ പ്രധാന ഭാഗം. പരിശോധനയിൽ സ്വർണ്ണപ്പാളികളിൽ നിന്ന് വൻതോതിൽ സ്വർണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

See also  ബിഎംഡബ്ല്യുവും മെഴ്‌സിഡസും ഇനി സ്വപ്നമല്ല! ആഡംബര കാറുകളുടെ വില പകുതിയായി കുറയുന്നു

ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാർത്ഥ സ്വർണ്ണപ്പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ റിപ്പോർട്ടിലുണ്ട്. കൂടാതെ, തന്ത്രി കണ്ഠര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിന് ശേഷമുള്ള തുടർനടപടികളും എസ്ഐടി കോടതിയെ അറിയിച്ചു. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും രാഷ്ട്രീയ ഉന്നതരെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ആരോപിച്ചാണ് അഖില തന്ത്രി പ്രചാരക് സഭ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

The post സിബിഐ വേണ്ട, നിലവിലെ അന്വേഷണം തുടരും; ശബരിമല കേസിലെ ഹർജിക്കാർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം appeared first on Express Kerala.

Spread the love

New Report

Close