
ഭോപ്പാൽ: വിവാഹേതര ബന്ധം ഭർത്താവ് അറിയാതിരിക്കാൻ അഞ്ചു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം നടന്നത്. പോലീസ് കോൺസ്റ്റബിളായ ധ്യാൻ സിങ് റാത്തോഡിന്റെ ഭാര്യ ജ്യോതി റാത്തോഡിനെയാണ് കോടതി ശിക്ഷിച്ചത്.
അയൽക്കാരനായ ഉദയ് ഇൻഡോലിയയുമായി ജ്യോതിക്ക് രഹസ്യബന്ധമുണ്ടായിരുന്നു. 2023 ഏപ്രിൽ 28-ന് ഇരുവരെയും ഒരുമിച്ച് കണ്ട മകൻ ജതിൻ, ഈ വിവരം അച്ഛനെ അറിയിക്കുമെന്ന് ഭയന്ന ജ്യോതി സ്വന്തം മകനെ ഇല്ലാതാക്കാൻ മുതിരുകയായിരുന്നു. മകനെ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മേൽക്കൂരയിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി 24 മണിക്കൂറിനുള്ളിൽ മരണത്തിന് കീഴടങ്ങി.
Also Read: ഡിജിറ്റൽ അറസ്റ്റ്! ഡോക്ടറുടെ പണം തട്ടിയ പ്രതി പഞ്ചാബിൽ കുടുങ്ങി
ആദ്യം അപകടമരണമാണെന്ന് കരുതിയെങ്കിലും ധ്യാൻ സിങ്ങിന് മകന്റെ മരണത്തിൽ സംശയമുണ്ടായിരുന്നു. മകൻ മരിച്ച് 15 ദിവസത്തിന് ശേഷം ജ്യോതി കുറ്റസമ്മതം നടത്തിയപ്പോൾ ധ്യാൻ അത് രഹസ്യമായി ഓഡിയോയും വീഡിയോയും പകർത്തി. വീട്ടിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച അദ്ദേഹം പോലീസിൽ പരാതിപ്പെടുകയായിരുന്നു.വിചാരണ വേളയിൽ ധ്യാൻ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകൾ നിർണ്ണായകമായി. ജ്യോതിയെ കുറ്റക്കാരിയായി കണ്ടെത്തിയ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അതേസമയം, കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ മതിയായ തെളിവുകളില്ലാത്തതിനാൽ കാമുകൻ ഉദയ് ഇൻഡോലിയയെ കോടതി വെറുതെ വിടുകയായിരുന്നു.
The post രഹസ്യബന്ധം മകൻ കണ്ടു; അഞ്ചു വയസ്സുകാരനെ എറിഞ്ഞുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം appeared first on Express Kerala.



