loader image
ഇത് പഴയ സി.പി.എമ്മല്ല, ബി.ജെ.പിക്ക് ‘പഠിക്കുന്ന’ പാർട്ടിയാണ്, പേര് നോക്കി അവർ ചുവപ്പിനെ ഇല്ലാതാക്കും

ഇത് പഴയ സി.പി.എമ്മല്ല, ബി.ജെ.പിക്ക് ‘പഠിക്കുന്ന’ പാർട്ടിയാണ്, പേര് നോക്കി അവർ ചുവപ്പിനെ ഇല്ലാതാക്കും

കാസർഗോഡും മലപ്പുറത്തും വിജയിച്ചവരുടെ പേര് നോക്കിയാൽ വർഗ്ഗീയ ധ്രുവി കരണം അറിയാമെന്ന, മന്ത്രി സജി ചെറിയാൻ്റെ പ്രതികരണം തികച്ചും അപക്വമായ ഒരു പ്രതികരണമാണിത്. എന്നു മുതലാണ് പേരും സമുദായവും എല്ലാം നോക്കി സി.പി.എം നേതാക്കൾ കാര്യങ്ങളെ വിലയിരുത്താൻ തുടങ്ങിയത് എന്ന ചോദ്യവും തിരിച്ച് മന്ത്രിക്ക് എതിരെ ഉയർന്നിട്ടുണ്ട്.

ഇടതുപക്ഷം തകരരുത് എന്ന് ആഗ്രഹിക്കുന്ന ഒരുപാട് മനുഷ്യർ ഈ നാട്ടിലുണ്ട്. മുസ്ലീം ലീഗിൻ്റെയോ കോൺഗ്രസ്സിൻ്റെയോ രാഷ്ട്രീയത്തെ ഒരു ഘട്ടത്തിലും അംഗീകരിക്കാത്തവരും അക്കൂട്ടത്തിലുണ്ട്. ഇപ്പോൾ സി.പി.എം നേതൃത്വത്തിലെ ചിലർ പോകുന്ന ഈപോക്ക് കാണുമ്പോൾ, ഇടതുപക്ഷത്തെ സ്നേഹിക്കുന്ന ജനവിഭാഗങ്ങളെയാണ് അത് ചുട്ട് പൊള്ളിക്കുന്നത്.

വിദ്വേഷ പ്രസംഗം നടത്തുന്ന വെള്ളാപ്പള്ളിയെ പരസ്യമായി ന്യായീകരിച്ചും കാറിൽ കയറ്റിയും മുഖ്യമന്ത്രി എടുത്ത ഒരു നിലപാടുണ്ടല്ലോ, ആ നിലപാടിൻ്റെ തുടർച്ചയാണ് വിഭാഗീയത ഉയർത്തുന്ന മന്ത്രിയുടെ ഈ അഭിപ്രായ പ്രകടനത്തിലും കാണാൻ കഴിയുന്നത്. മന്ത്രി സജി ചെറിയാൻ്റെ നിലവിലെ പ്രതികരണം, മതേതര വിശ്വാസികളെ സംബന്ധിച്ച് തീർച്ചയായും ആശങ്കപ്പെടുത്തുന്നത് തന്നെയാണ്.

സിപിഎം മതേതരത്വം പറഞ്ഞ് വോട്ടുതേടിയിട്ടും, മലപ്പുറത്തെയും കാസർകോട്ടെയും ജനങ്ങൾ തോൽപ്പിച്ചെന്നാണ് സജി ചെറിയാൻ പറയുന്നത്. ഒരു മന്ത്രി എന്നത് പോട്ടെ, ഒരു കമ്യൂണിസ്റ്റ് നേതാവ് പറയേണ്ട വാക്കുകളാണോ ഇത് ? വിജയിച്ചവരുടെ പേര് നോക്കാൻ പറഞ്ഞ മന്ത്രി, ഈ ജില്ലകളിൽ തോറ്റവരുടെ പേരുകൾ കൂടി നോക്കുന്നതും നല്ലതായിരിക്കും. പ്രതികരണം വിവാദമായപ്പോൾ, ഒരു പ്രത്യേക മതവിഭാഗത്തെ നോക്കാൻ പറഞ്ഞതല്ലന്ന് സജി ചെറിയാൻ പറയുന്നുണ്ടെങ്കിലും, മന്ത്രി എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞതെന്നത് പകൽ പോലെ വ്യക്തമാണ്.

Also Read: സൗഹൃദം മറന്ന് യൂറോപ്പിനെ ശത്രുക്കളാക്കി ട്രംപിന്റെ ‘സാമ്രാജ്യത്വ’ മോഹം; ഗ്രീൻലാൻഡിനായുള്ള അമേരിക്കയുടെ ഈ കടുംപിടുത്തം ആഗോള വിപണിയുടെ അന്ത്യമോ?

മന്ത്രി ഈ പറഞ്ഞ കാസർഗോട്ടും മലപ്പുറത്തും ലക്ഷക്കണക്കിന് മുസ്ലീംവിഭാഗത്തിൽപ്പെട്ടവരുടെ വോട്ടുകൾ ഇപ്പോൾ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് ലഭിച്ചിട്ടുണ്ട്. മലപ്പുറത്ത് ലഭിച്ച 10 ലക്ഷം വോട്ടുകളിൽ നല്ലൊരു വിഭാഗം മുസ്ലീം സമുദായത്തിൽപ്പെട്ടവരുടേതാണ് എന്നതും മറ്റാരും ഓർത്തിട്ടില്ലങ്കിലും മന്ത്രി ഓർക്കണമായിരുന്നു. കാരണം, 10 ലക്ഷത്തിൻ്റെ കണക്ക് പറഞ്ഞത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററാണ്.

മുസ്ലിം ലീഗ് എന്ന് പറഞ്ഞാൽ, അത് മുസ്ലീം സമുദായമാണെന്ന് ആരും തന്നെ കരുതരുത്. അതു തന്നെ ഒരു തെറ്റായ കാഴ്ചപാടാണ്. കാസർഗോഡായാലും മലപ്പുറത്തായാലും വലിയ ശക്തിയാണ് ഇന്നും സി.പി.എം.

2006-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, മുസ്ലിംലീഗിനും ഇടതുപക്ഷത്തിനും മലപ്പുറം ജില്ലയിൽ നിന്നും ലഭിച്ചത് തുല്യ സീറ്റുകളാണ്. അക്കാലത്ത് ആകെ ഉണ്ടായിരുന്ന 12 സീറ്റുകളിൽ 5 സീറ്റുകൾ വീതമാണ് ഇടതുപക്ഷത്തിനും ലീഗിനും ലഭിച്ചത്. കോൺഗ്രസ്സിന് ലഭിച്ചിരുന്നതാകട്ടെ 2 സീറ്റുകളുമാണ്.

പി.കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഉന്നത ലീഗ് നേതാക്കളെ നിയമസഭ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചും, ടി.കെ ഹംസയെ പോലുള്ള ഒരു കമ്യൂണിസ്റ്റിനെ ലോകസഭയിലേക്ക് വിജയിപ്പിച്ചും ചരിത്രം തിരുത്തിയ പാർട്ടിയാണ് മലപ്പുറത്തെ സി.പി.എം എന്നതും ഓർക്കണം. 2016 -ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2021-ലെ തിരഞ്ഞെടുപ്പിലും 4 സീറ്റുകളിൽ വിജയിക്കാനും, സി.പി.എമ്മിന് ഇവിടെ കഴിഞ്ഞിട്ടുണ്ട്. ഇതിൽ തന്നെ പെരിന്തൽമണ്ണ സി.പി.എമ്മിന് നഷ്ടമായത് കേവലം 38 വോട്ടുകൾക്ക് മാത്രമാണ്. പി.വി അൻവർ രാജിവച്ച പ്രത്യേക സാഹചര്യത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പായത് കൊണ്ടാണ് നിലമ്പൂർ അവർക്ക് നഷ്ടമായിരുന്നത്.

See also  സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ കുടുംബത്തിന് ഭ്രഷ്ട്: മധ്യപ്രദേശിലെ ഗ്രാമത്തിൽ നിയമവിരുദ്ധ ഉത്തരവ്

Also Read: ദീപക്കിനെ കൊലയ്ക്കു കൊടുത്തത് ‘വൈറൽ’ ഭ്രാന്ത്..? സോഷ്യൽ മീഡിയയിലെ കണ്ടന്റുകൾ ഇരുതല മൂർച്ചയുള്ള വാൾ

മലബാറിലെ ചെറിയ മക്ക എന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി സ്ഥിതി ചെയ്യുന്ന പൊന്നാനി നിയമസഭാ മണ്ഡലത്തിൽ നിന്നും കഴിഞ്ഞ കുറേ വർഷങ്ങളായി വിജയിച്ച വരുന്നതും സി.പി.എമ്മിൻ്റെ സ്ഥാനാർത്ഥികളാണ്. ഇവരെയൊക്കെ ജനങ്ങൾ വിജയിപ്പിക്കുന്നത് അവരുടെ പേര് നോക്കിയല്ലന്നത്, സജി ചെറിയാന് അറിയില്ലങ്കിൽ മലപ്പുറത്തെ സഖാക്കൾ അത് പറഞ്ഞ് കൊടുക്കുകയാണ് വേണ്ടത്.

ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും അറിയാതെയാണ്, മന്ത്രി ഇങ്ങനെ ഒരു വിവാദ പ്രതികരണം നടത്തിയത് എന്നും പറയാൻ പറ്റില്ല. ഇതൊക്കെ മറ്റുചിലയിടങ്ങളിൽ വോട്ട് കിട്ടാൻ വേണ്ടി ബോധപൂർവ്വം സൃഷ്ടിച്ചെടുക്കുന്ന വിവാദങ്ങൾ തന്നെയാണ്.

രാഷ്ട്രീയ കേരളം മനസ്സിലാക്കിയ ഇടതുപക്ഷവും സി.പി.എമ്മും ഇങ്ങനെ ആയിരുന്നില്ല. മനുഷ്യരെ, ജാതിയുടെയോ മതത്തിൻ്റെയോ അടിസ്ഥാനത്തിൽ വേർതിരിച്ച് കാണുന്ന ഒരു രീതി അവർക്ക് ഉണ്ടായിരുന്നില്ല. മനുഷ്യരെ മനുഷ്യരായി കണ്ട് മാത്രം നിലപാടുകൾ സ്വീകരിച്ചിരുന്ന കമ്യൂണിസ്റ്റുകൾ എന്ന് മുതലാണ്, സമുദായ നേതാക്കളുടെ ‘കീ’ ആയി മാറിയതെന്നത് കേരളം എന്തായാലും ഗൗരവമായി തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം നടത്തുന്ന വെള്ളാപ്പള്ളിയ്ക്ക് സകല പിന്തുണയും കെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിൻ്റെ ചുവട് പിടിച്ചാണ് വെള്ളാപ്പള്ളി ഇപ്പോൾ കൂടുതൽ അപകടകാരി ആയി മാറിയിരിക്കുന്നത്. വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും ഒന്നിപ്പിച്ച് മുതലെടുപ്പ് രാഷ്ട്രീയം നടത്താൻ മുൻപ് നോക്കിയത് ബി.ജെ.പി ആണെങ്കിൽ, ഇപ്പോൾ ആ റോൾ ഏറ്റെടുത്തിരിക്കുന്നത് സി.പി.എം നേതൃത്വമാണ്. അതിൻ്റെ തുടർച്ചയായി മാത്രമേ, മന്ത്രിയുടെയും എ.കെ ബാലൻ ഉൾപ്പെടെയുളള സി.പി.എം നേതാക്കളുടെയും പ്രകോപനപരമായ പ്രതികരണങ്ങളെയും വിലയിരുത്താൻ കഴിയുകയൊള്ളൂ.

Also Read: ഇന്ത്യൻ നിറങ്ങളിൽ തിളങ്ങുന്ന റഷ്യൻ കരുത്ത്; മെയ്ക്ക് ഇൻ ഇന്ത്യ’യുമായി കൈകോർക്കാൻ പുത്തൻ വിമാനങ്ങൾ എത്തുന്നു?

ഇപ്പുറത്ത് ഇങ്ങനെ ഒരു ഭൂരിപക്ഷ ധ്രുവീകരണത്തിന് സി.പി.എം നേതൃത്വത്തിലെ ചിലർ ശ്രമിക്കുമ്പോൾ, അപ്പുറത്ത് മുസ്ലീംലീഗും മറ്റ് മുസ്ലീം സംഘടനകളും എല്ലാം ചേർന്ന് ന്യൂനപക്ഷ ധ്രുവീകരണത്തിനും ഇനി ശ്രമിക്കും. അങ്ങനെ സംഭവിച്ചാൽ, ഈ മതേതര കേരളം എവിടെ ചെന്ന് എത്തി നിൽക്കുമെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും തിരിച്ചറിയുന്നത് നല്ലതാണ്. കേരളം ഒരു ഭ്രാന്താലയമായെന്ന് പറയേണ്ടി വരുന്ന ഒരു അവസ്ഥ… അതൊരിക്കലും നമ്മളാരും ആഗ്രഹിക്കുന്നില്ലല്ലോ ?

ഇപ്പോഴത്തെ സാഹചര്യത്തിൽ, ഈ വിവാദങ്ങൾ യു.ഡി.എഫിന് ആണ് ഗുണം ചെയ്യാൻ പോകുന്നത്. വീണ്ടും ഒരു തുടർഭരണംകൂടി പിണറായിക്ക് കിട്ടിയാൽ, അത് ജനാധിപത്യത്തെ മാത്രമല്ല, മതേതരത്ത്വത്തെയും ദുർബലമാക്കുമെന്ന് പറഞ്ഞാണ് യു.ഡി.എഫ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. അത് അവരുടെ വോട്ട് തട്ടാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെങ്കിലും, ആ വാദത്തിന് പൊതു സമുഹത്തിൽ നിലവിൽ ചില സ്വീകാര്യതയൊക്കെ ലഭിച്ച് തുടങ്ങിയിട്ടുണ്ട് എന്നതും, ഒരു വസ്തുതയാണ്.

ഇത് പറയുമ്പോൾ തന്നെ, കമ്യൂണിസ്റ്റുകൾ കൂടി നടത്തിയ പോരാട്ടത്തിൻ്റെ ഭാഗമായാണ്, വർഗ്ഗീയ ശക്തികൾക്ക് കേരളത്തിൻ്റെ മണ്ണിൽ വേരുറപ്പിക്കാൻ കഴിയാതിരുന്നത് എന്നത് ചൂണ്ടിക്കാട്ടാനും ഞങ്ങൾക്ക് മടിയില്ല. ഇക്കാര്യത്തിൽ, ഇടതുപക്ഷ വിരുദ്ധർക്ക് പോലും സംശയും ഉണ്ടാവുമെന്നും കരുതുന്നില്ല.

See also  ലോകത്തെ ഞെട്ടിച്ച് ചൈനയുടെ കണ്ടെത്തൽ! കടലിനടിയിൽ മാരക വൈറസുകളുടെ ‘ഡ്രാഗൺ ഹോൾ’; 1700 പുതിയ വൈറസുകളെ കണ്ടെത്തി

എന്നാൽ, അതേ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ തന്നെ, ഇപ്പോൾ വിദ്വേഷത്തിൻ്റെ വിത്തുകൾ പാകാൻ അവസരം നൽകുന്നു എന്നത് കാണുമ്പോഴാണ് നമ്മുടെയൊക്കെ സകല പ്രതീക്ഷയും അസ്തമിക്കുന്നത്. ഇത് അത്യന്തം അപകടകരമായ നീക്കമാണെന്നത് അതു കൊണ്ടാണ് പറയേണ്ടി വരുന്നത്.

Also Read: പ്രകൃതിയുടെ വിസ്മയങ്ങൾ ഒളിപ്പിച്ച സ്വർഗ്ഗഭൂമി, മേഘങ്ങൾക്കിടയിലെ മലനിരകളും പാൽക്കടൽ വെള്ളച്ചാട്ടങ്ങളും നിറഞ്ഞ അത്ഭുത ലോകം

സി.പി.എം ഒരു കേഡർ പാർട്ടിയാണെങ്കിലും, പഴയ അച്ചടക്കമൊന്നും ആ പാർട്ടിക്ക് ഇപ്പോഴില്ല. അതു കൊണ്ടാണല്ലോ, ഒരു പദവിയും ഇല്ലാത്ത എ.കെ ബാലൻ പോലും പലതും ഇപ്പോൾ വിളിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്.

പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ, മുഖ്യമന്ത്രിയായ വി.എസിനെ തിരുത്തിയതു പോലെ, ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി പോയിട്ട്, അഖിലേന്ത്യാ സെക്രട്ടറിവരെ അതിനൊന്നും തയ്യാറാകുന്നില്ല എന്നത് , സി.പി.എമ്മിൻ്റെ അണികളെ പോലും അമ്പരപ്പിക്കുന്ന കാര്യമാണ്.

സി.പി.എം പാർട്ടി കോൺഗ്രസ്സ് തന്നെ, പ്രമേയത്തിലൂടെ എതിർത്ത നരേന്ദ്ര മോദി സർക്കാറിൻ്റെ പി.എം ശ്രീ പദ്ധതിയാണ് കേരളത്തിൽ പിണറായി സർക്കാർ നടപ്പാക്കാൻ ശ്രമിച്ചിരിക്കുന്നത്. സി.പി.ഐ നേതൃത്വം ഇടപെട്ടില്ലായിരുന്നു എങ്കിൽ ആ പദ്ധതി ഇപ്പോൾ നടപ്പാക്കുമായിരുന്നു. വിദ്വേഷ പ്രസംഗം നടത്തുന്ന വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറിൽ പിണറായി കയറ്റിയതും, കമ്യൂണിസ്റ്റുകളിൽ നിന്നും മതേതര വിശ്വാസികൾ പ്രതീക്ഷിച്ച നടപടിയല്ല. ഈ രണ്ട് സംഭവവുമാണ്, മലബാർ ജില്ലകളിൽ ഉൾപ്പെടെ, തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാകാൻ പ്രധാന കാരണം. മാത്രമല്ല, വെള്ളാപ്പള്ളിയുടെ കൂട്ട് കെട്ടും, അയ്യപ്പ സംഗമവും ഒന്നും തന്നെ, തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇടതുപക്ഷത്തിന് ഗുണം ചെയ്തിട്ടുമില്ല. ഏത് സമുദായമായാലും, ജനങ്ങൾ വോട്ട് ചെയ്യുന്നത് സമുദായ നേതാക്കളുടെ നിലപാട് നോക്കിയല്ലന്നത്, തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടിട്ട് പോലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇതുവരെ മനസ്സിലായിട്ടില്ല.

യഥാർത്ഥത്തിൽ ഇത്, മഹത്തായ പാരമ്പര്യമുള്ള ഒരു പാർട്ടിയെയും മുന്നണിയെയും നശിപ്പിക്കുന്ന ഒരുതരം വാശി തന്നെയാണ്. ഇതെല്ലാം എന്തിനു വേണ്ടി… ആർക്കു വേണ്ടി… എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് രാഷ്ട്രീയ കേരളം ഇപ്പോൾ തേടി കൊണ്ടിരിക്കുന്നത്.

Also Read: ഭൂമിക്കടിയിൽ നിന്ന് ലഭിച്ച 400 മില്യൺ ഡോളറിന്റെ വിസ്മയം! ലോക സമ്പന്നർ കൊതിക്കുന്ന ആ പർപ്പിൾ രഹസ്യം…

തെറ്റായ വഴിക്ക് നേതൃത്വം പോയാൽ, ആ നേതാക്കളെ തിരുത്തേണ്ടത് , ഇടതുപക്ഷ അണികളുടെയും, കമ്യൂണിസ്റ്റ് മൂല്യങ്ങൾ നശിക്കാത്ത നേതാക്കളുടെയും ബാധ്യതയാണ്. ആ ചുമതല നിറവേറ്റാൻ അവർ ഇനിയും തയ്യാറായില്ലങ്കിൽ, ലോകത്ത് ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാറിനെ സൃഷ്ടിച്ച ഈ കേരളത്തിൽ തന്നെ, ചുവപ്പിൻ്റെ അസ്തമയും അധികം താമസിയാതെ നമ്മൾ കാണേണ്ടി വരും.

ബി.ജെ.പിയും സംഘപരിവാർ സംഘടനകളും, കേരളത്തിലും പിടിമുറുക്കി തുടങ്ങിയ സാഹചര്യത്തിൽ, ഇനി ഒരസ്തമയം ഇടതുപക്ഷത്തിന് സംഭവിച്ചാൽ, പിന്നെ ഒരു ഉദയം ഉണ്ടാകില്ലന്നതും പറയാതിരിക്കാൻ കഴിയുകയില്ല.

EXPRESS VIEW

വീഡിയോ കാണാം….

The post ഇത് പഴയ സി.പി.എമ്മല്ല, ബി.ജെ.പിക്ക് ‘പഠിക്കുന്ന’ പാർട്ടിയാണ്, പേര് നോക്കി അവർ ചുവപ്പിനെ ഇല്ലാതാക്കും appeared first on Express Kerala.

Spread the love

New Report

Close