loader image
ഇനി ‘സ്മാർട്ട്’ പണപ്പെരുപ്പം; സ്മാർട്ട്ഫോണും ഒടിടിയും ഇൻഷുറൻസും പണപ്പെരുപ്പ ബാസ്കറ്റിലേക്ക്

ഇനി ‘സ്മാർട്ട്’ പണപ്പെരുപ്പം; സ്മാർട്ട്ഫോണും ഒടിടിയും ഇൻഷുറൻസും പണപ്പെരുപ്പ ബാസ്കറ്റിലേക്ക്

രാജ്യത്തെ ചില്ലറവില സൂചികയെ (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കാക്കൽ രീതിയിൽ കേന്ദ്ര സർക്കാർ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്നു. പണപ്പെരുപ്പ നിർണയത്തിനുള്ള അടിസ്ഥാനവർഷം (Base Year) 2012-ൽ നിന്നും 2024-ലേക്ക് മാറ്റാനാണ് തീരുമാനം. പുതിയ സീരീസ് പ്രകാരമുള്ള ആദ്യ പണപ്പെരുപ്പ നിരക്ക് ഫെബ്രുവരി 12-ന് പുറത്തുവിടും. പണപ്പെരുപ്പ നിർണയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് 22 അംഗ സമിതിയുടെ നേതൃത്വത്തിൽ ഈ പരിഷ്കാരം നടപ്പിലാക്കുന്നത്.

പുതിയ രീതിയിൽ ഭക്ഷ്യോത്പന്നങ്ങൾക്ക് നൽകിവരുന്ന പ്രാധാന്യം ഗണ്യമായി കുറയ്ക്കും. നിലവിൽ ഉപഭോക്തൃ പണപ്പെരുപ്പ ബാസ്കറ്റിൽ 45.86 ശതമാനവും ഭക്ഷ്യവസ്തുക്കൾക്കാണ്. അതുകൊണ്ടാണ് പച്ചക്കറികളുടെ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ പണപ്പെരുപ്പ നിരക്കിനെ വലിയ രീതിയിൽ സ്വാധീനിക്കുന്നത്. എന്നാൽ ജനങ്ങളുടെ ഉപഭോഗ രീതി മാറിയ സാഹചര്യത്തിൽ, ഭക്ഷണത്തിന് നൽകുന്ന വെയിറ്റേജ് കുറയ്ക്കാനും ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ സേവന മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനുമാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

പൊതുവിതരണ സംവിധാനം വഴി 80 കോടിയോളം ജനങ്ങൾക്ക് സൗജന്യമായി നൽകുന്ന അരി, ഗോതമ്പ് തുടങ്ങിയവയെ പണപ്പെരുപ്പ കണക്കിൽ നിന്നും ഒഴിവാക്കും എന്നതാണ് മറ്റൊരു പ്രധാന മാറ്റം. സൗജന്യ നിരക്കിൽ നൽകുന്ന വിഭവങ്ങളുടെ വില പണപ്പെരുപ്പ നിർണയത്തിന് പരിഗണിക്കാതിരിക്കുന്നത് ആഗോള രീതിയാണ്. ഇന്ത്യയിലും ഇത് നടപ്പിലാക്കുന്നതോടെ ഔദ്യോഗിക പണപ്പെരുപ്പ നിരക്ക് കുറഞ്ഞു കാണിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നുണ്ട്.

See also  മണ്ണു മാന്തിയപ്പോൾ തെളിഞ്ഞത് മുത്തുച്ചിപ്പികൾ; തൂത്തുക്കുടിയുടെ ചരിത്രം മാറ്റിയെഴുതുന്ന ആ കണ്ടെത്തൽ!

Also Read: ബാങ്കിനേക്കാൾ ലാഭം പോസ്റ്റ് ഓഫീസിൽ! 5 ലക്ഷം നിക്ഷേപിച്ചാൽ 2 ലക്ഷം പലിശ; സുരക്ഷിത നിക്ഷേപത്തിന് ടൈം ഡെപ്പോസിറ്റ് സ്‌കീം

കാലഹരണപ്പെട്ട ഉത്പന്നങ്ങളെ പണപ്പെരുപ്പ ബാസ്കറ്റിൽ നിന്നും നീക്കം ചെയ്യുകയും ആധുനിക സേവനങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യും. റേഡിയോ, ഓഡിയോ കാസറ്റുകൾ, വി.സി.ആർ, തയ്യൽ മെഷീൻ തുടങ്ങിയവ ഇനി മുതൽ വിലനിലവാര പരിശോധനയിൽ ഉണ്ടാകില്ല. പകരം സ്മാർട്ട്ഫോണുകൾ, ഒ.ടി.ടി സബ്സ്ക്രിപ്ഷനുകൾ, ഓൺലൈൻ ടാക്സി സേവനങ്ങൾ, ഹോട്ടൽ ഭക്ഷണം, ക്വിക് കൊമേഴ്സ് തുടങ്ങിയ 350-ഓളം പുതിയ ഇനങ്ങൾ പട്ടികയിൽ ഇടംപിടിക്കും. പഴയ രീതിയിൽ 299 ഇനങ്ങളായിരുന്നു ഉണ്ടായിരുന്നത്.

നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) ആണ് വിപണിയിൽ നിന്ന് വിലവിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നത്. രാജ്യത്തെ പലിശ നിരക്കുകൾ നിശ്ചയിക്കുന്നതിലും സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും ഈ പുതിയ പണപ്പെരുപ്പ കണക്കുകൾ നിർണായകമാകും. ഉപഭോക്താക്കളുടെ യഥാർത്ഥ ജീവിതച്ചെലവ് പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പുതിയ ബാസ്കറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

The post ഇനി ‘സ്മാർട്ട്’ പണപ്പെരുപ്പം; സ്മാർട്ട്ഫോണും ഒടിടിയും ഇൻഷുറൻസും പണപ്പെരുപ്പ ബാസ്കറ്റിലേക്ക് appeared first on Express Kerala.

See also  കേന്ദ്രത്തിന്റെ കടുത്ത ഗതാഗത നിയമങ്ങൾ കേരളത്തിൽ ഉടൻ നടപ്പാക്കില്ല; മന്ത്രി ഗണേഷ് കുമാർ
Spread the love

New Report

Close