
ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാനില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാടിനിടെ, തങ്ങളുടെ നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് പാകിസ്ഥാൻ ലോകകപ്പിൽ നിന്ന് വിട്ടുനിന്നേക്കുമെന്ന അഭ്യൂഹങ്ങൾ പിസിബി തള്ളി. ബംഗ്ലാദേശ് പിന്മാറിയാലും പാകിസ്ഥാൻ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് പിസിബിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ഇന്ത്യയിലേക്ക് വരാൻ വിസമ്മതിക്കുന്നത്. ലോകകപ്പ് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അവർ ഐസിസിക്ക് കത്തയച്ചിരുന്നു. ഈ വിഷയത്തിൽ പാകിസ്ഥാന്റെ പിന്തുണ തേടിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ടൂർണമെന്റിൽ നിന്ന് മാറിനിൽക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിയ പാകിസ്ഥാൻ, പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ചു.
അതേസമയം, നിലപാട് വ്യക്തമാക്കാൻ ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ജനുവരി 21 വരെ സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം തീരുമാനമറിയിച്ചില്ലെങ്കിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്താനാണ് ഐസിസിയുടെ നീക്കം. നേരത്തെ, തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളിയിരുന്നു. അയർലൻഡിന് പകരം തങ്ങളെ ബി ഗ്രൂപ്പിൽ ഉൾപ്പെടുത്തി കൊളംബോയിൽ കളിപ്പിക്കണമെന്ന ബംഗ്ലാദേശിന്റെ പുതിയ നിർദ്ദേശവും അംഗീകരിക്കപ്പെട്ടിട്ടില്ല.
The post ബംഗ്ലാദേശ് വന്നില്ലെങ്കിലും പാകിസ്ഥാൻ വരും; ടി20 ലോകകപ്പിൽ നിലപാട് വ്യക്തമാക്കി പിസിബി appeared first on Express Kerala.



