
നാഗ്പുർ: നീണ്ട 785 ദിവസത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ദേശീയ ടി20 ജേഴ്സിയിൽ വീണ്ടും കളിക്കളത്തിലേക്ക്. ന്യൂസീലൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിനുള്ള പ്ലേയിങ് ഇലവനിൽ ഇഷാൻ ഉണ്ടാകുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്ഥിരീകരിച്ചു. പരിക്കേറ്റ മധ്യനിര താരം തിലക് വർമ്മയ്ക്ക് പകരക്കാരനായി ടീമിലെത്തുന്ന ഇഷാൻ, നാഗ്പുരിൽ നടക്കുന്ന മത്സരത്തിൽ നിർണ്ണായകമായ മൂന്നാം നമ്പറിലാകും ബാറ്റ് ചെയ്യുകയെന്നും ഇഷാൻ ടീമിന്റെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്നും ക്യാപ്റ്റൻ വ്യക്തമാക്കി.
Also Read: ബംഗ്ലാദേശ് വന്നില്ലെങ്കിലും പാകിസ്ഥാൻ വരും; ടി20 ലോകകപ്പിൽ നിലപാട് വ്യക്തമാക്കി പിസിബി
2023 നവംബർ 28-ന് ഓസ്ട്രേലിയക്കെതിരെയാണ് ഇഷാൻ അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത്. ടീമിൽ നിന്ന് പുറത്തായതിന് ശേഷം ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ തകർപ്പൻ തിരിച്ചുവരവാണ് ഈ 27-കാരനെ വീണ്ടും സെലക്ടർമാരുടെ പ്രിയങ്കരനാക്കിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഝാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച ഇഷാന്റെ പ്രകടനം വിസ്മയിപ്പിക്കുന്നതായിരുന്നു. ടൂർണമെന്റിലെ 10 ഇന്നിങ്‌സുകളിൽ നിന്നായി 57.44 ശരാശരിയിൽ 517 റൺസാണ് താരം അടിച്ചുകൂട്ടിയത്.
ടൂർണമെന്റിലുടനീളം 197-ന് മുകളിൽ സ്ട്രൈക്ക് റേറ്റ് നിലനിർത്തിയ ഇഷാൻ, ഹരിയാണക്കെതിരായ ഫൈനലിൽ നേടിയ മിന്നൽ സെഞ്ച്വറിയോടെ (49 പന്തിൽ 101 റൺസ്) തന്റെ ഫോം തെളിയിച്ചിരുന്നു. തിലക് വർമ്മയുടെ അഭാവത്തിൽ മൂന്നാം നമ്പറിലേക്ക് ഏറ്റവും അനുയോജ്യനായ താരം ഇഷാൻ തന്നെയാണെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഈ തിരിച്ചുവരവ് താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും നിർണ്ണായകമായ ഒന്നായി മാറും.
The post രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം; ഇഷാൻ കിഷൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു, മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യും appeared first on Express Kerala.



