
പത്തനാപുരം: ക്ഷേത്രമുറ്റത്ത് വളർത്തുനായയുമായെത്തി വാഹനങ്ങൾ തകർക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതിക്കായി തിരച്ചിൽ. പിടവൂർ പുത്തൻകാവ് മഹാവിഷ്ണുക്ഷേത്രത്തിൽ തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്. ആക്രമണത്തിൽ പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർ അനീഷ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പിടവൂർ സ്വദേശി സജീവൻ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.
ചൊവ്വാഴ്ച തുടങ്ങാനിരുന്ന ഭാഗവത സപ്താഹത്തിന്റെ ഒരുക്കങ്ങൾക്കായി ക്ഷേത്രഭാരവാഹികളും നാട്ടുകാരും ക്ഷേത്രത്തിലുണ്ടായിരുന്ന സമയത്താണ് സജീവൻ വളർത്തുനായയുമായി എത്തിയത്. ഇത് ചോദ്യം ചെയ്തവരോട് ഇയാൾ അസഭ്യവർഷം നടത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പത്തനാപുരം പോലീസ് ഇയാളോട് മടങ്ങിപ്പോകാൻ നിർദ്ദേശിച്ചു. പോലീസ് മടങ്ങിയതിന് പിന്നാലെ തിരിച്ചെത്തിയ സജീവൻ കൂടുതൽ അക്രമാസക്തനായി ക്ഷേത്രഭാരവാഹിയുടെ വാനും പിക്കപ്പും അടിച്ചുതകർക്കുകയും, വാഹനങ്ങൾ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.
Also Read: മൂവാറ്റുപുഴയിൽ നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി; രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ
വീണ്ടും പോലീസ് എത്തിയപ്പോൾ തന്റെ ജീപ്പ് അമിതവേഗത്തിൽ പോലീസ് വാഹനത്തിലേക്ക് ഇടിപ്പിക്കുകയായിരുന്നു. മൂന്ന് തവണയാണ് പ്രതി പോലീസ് ജീപ്പിലേക്ക് തന്റെ വാഹനം ഇടിച്ചുകയറ്റിയത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ കറങ്ങിത്തിരിഞ്ഞ വാഹനത്തിൽ നിന്നും മൂന്ന് ഉദ്യോഗസ്ഥർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പോലീസ് ഡ്രൈവറായ അനീഷിന്റെ കാലിനാണ് പരിക്കേറ്റത്.
പോലീസ് വാഹനത്തിന് പുറമെ മറ്റ് രണ്ട് സ്വകാര്യ വാഹനങ്ങളിലും ഇയാൾ ജീപ്പ് ഇടിപ്പിച്ചു. കാപ്പ കേസ് പ്രതിയായിരുന്ന സജീവൻ, മുൻപും പോലീസിനെ ആക്രമിച്ച കേസുകളിൽ പ്രതിയാണെന്ന് പത്തനാപുരം എസ്എച്ച്ഒ ആർ ബിജു അറിയിച്ചു. ഒളിവിൽ പോയ പ്രതിക്കായി തെളിവുകൾ ശേഖരിച്ചതായും ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
The post പത്തനാപുരത്ത് ക്ഷേത്രമുറ്റത്ത് ഭീകരാന്തരീക്ഷം; പോലീസ് ജീപ്പ് ഇടിച്ച് തകർത്തു, സിപിഒയ്ക്ക് പരിക്ക് appeared first on Express Kerala.



