
കൊല്ലം ജില്ലയിൽ സിപിഐഎമ്മിന് വീണ്ടും രാഷ്ട്രീയ തിരിച്ചടി നൽകിക്കൊണ്ട് ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു പാർട്ടി വിട്ട് മുസ്ലിംലീഗിൽ ചേർന്നു. 30 വർഷം നീണ്ട സിപിഐഎം ബന്ധം അവസാനിപ്പിച്ചാണ് മുൻ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സുജ ലീഗ് അംഗത്വം സ്വീകരിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് അംഗത്വം സ്വീകരിച്ച സുജ, സിപിഐഎമ്മിന്റെ നിലപാടുകളിലുള്ള പ്രതിഷേധമാണ് പാർട്ടി വിടാൻ കാരണമെന്ന് വ്യക്തമാക്കി. യാതൊരു വാഗ്ദാനങ്ങളും ഇല്ലാതെയാണ് താൻ ലീഗിൽ എത്തിയതെന്നും എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണ് മുസ്ലിംലീഗെന്നും അവർ കൂട്ടിച്ചേർത്തു.
തെക്കൻ കേരളത്തിൽ പല പാർട്ടികളിൽ നിന്നും ആളുകൾ ലീഗിലേക്ക് വരുന്നത് ഒരു പുതിയ പ്രതിഭാസമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് ജില്ലയിലെ മറ്റൊരു പ്രമുഖ വനിതാ നേതാവ് കൂടി ഇടത് പക്ഷം വിടുന്നത്. തെക്കൻ കേരളത്തിൽ കൂടുതൽ സീറ്റുകൾക്കായി മുന്നണിയിൽ ചർച്ച നടത്തുമെന്നും കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒന്നും ലീഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും തങ്ങൾ വ്യക്തമാക്കി. ലീഗ് വിരുദ്ധ നിലപാടുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ ഗൗരവമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
The post കൊല്ലം സിപിഐഎമ്മിൽ വീണ്ടും വിള്ളൽ; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിൽ ചേർന്നു appeared first on Express Kerala.



