
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ‘യുവർ ഹോം ഈസ് എ ട്രസ്റ്റ്’ എന്ന പേരിൽ വിപുലമായ ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചു. സമൂഹത്തിൽ പ്രതിരോധ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തീപിടിത്തം തടയുന്നതിനുള്ള മുൻകരുതലുകൾ, പുക തിരിച്ചറിയുന്ന ഉപകരണങ്ങളുടെ പ്രാധാന്യം, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗം എന്നിവയെക്കുറിച്ച് താമസക്കാരെ കൃത്യമായി ബോധവൽക്കരിക്കാൻ ഈ ക്യാംപെയ്നിലൂടെ സാധിക്കും.
അഗ്നിശമന സേനാ ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി സുരക്ഷാ നിലവാരം പരിശോധിക്കുകയും താമസക്കാർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. തീപിടിത്തമുണ്ടായാൽ ആദ്യഘട്ടത്തിൽ സ്വീകരിക്കേണ്ട നടപടികൾ, അഗ്നിശമന ഉപകരണങ്ങളുടെ ഉപയോഗം എന്നിവയിൽ പരിശീലനം നൽകുന്നതിനൊപ്പം മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ഇലക്ട്രിക് വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രത്യേക നിബന്ധനകൾ ക്യാംപെയ്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: ഒമാനിൽ തൊഴിൽ പരിശോധന കർശനം; കഴിഞ്ഞ വർഷം പിടിയിലായത് 31,000 പ്രവാസികൾ
വീടുകളിൽ സ്ഥാപിക്കുന്ന സ്മാർട് അഗ്നിശമന മുന്നറിയിപ്പ് സംവിധാനമായ ‘ഹസ്സൻതുക്’ പദ്ധതിയുടെ തുടർച്ചയായാണ് ഈ പുതിയ നീക്കം. ഇതിന്റെ ഭാഗമായി ഷോപ്പിങ് മാളുകൾ, സിനിമാ തിയറ്ററുകൾ, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വിവിധയിടങ്ങളിൽ മോക്ക് ഡ്രില്ലുകളും ശില്പശാലകളും സംഘടിപ്പിക്കുമെന്നും സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു.
The post സുരക്ഷിതമായ വീട് ഉറപ്പാക്കാൻ അബുദാബി സിവിൽ ഡിഫൻസ്; ‘യുവർ ഹോം ഈസ് എ ട്രസ്റ്റ്’ ക്യാംപെയ്ൻ ആരംഭിച്ചു appeared first on Express Kerala.



