
ഈറോഡ്: പിണങ്ങിപ്പോയ ഭാര്യ തിരികെ വരാത്തതിലുള്ള വൈരാഗ്യത്തിൽ അയൽവാസികളുടെ വാഹനങ്ങൾക്ക് തീയിട്ട യുവാവ് പിടിയിലായി. കടലൂർ കുറിഞ്ചിപാടി സ്വദേശി വൈദ്യനാഥനെയാണ് (32) പെരുന്തുറൈ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് വൈദ്യനാഥനും ഭാര്യ ഗായത്രിയും മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു.
പെരുന്തുറൈ മടത്തുപാളയത്തിലുള്ള സഹോദരിയുടെ വീട്ടിലായിരുന്നു ഗായത്രിയുടെ താമസം. കഴിഞ്ഞ ദിവസം ഭാര്യയെ കൂട്ടി കൊണ്ടുപോകാനായി വൈദ്യനാഥൻ ഇവിടെയെത്തി. എന്നാൽ ഗായത്രി കൂടെപ്പോകാൻ വിസമ്മതിച്ചു. ഇതിനിടെ ഗായത്രിയെ ഒപ്പം വിടാൻ അയൽവാസികളുടെ സഹായം തേടിയെങ്കിലും ആരും ഇടപെടാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ വൈദ്യനാഥൻ രാത്രിയിൽ പ്രതികാരം തീർക്കുകയായിരുന്നു.
Also Read: നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ കൊലപ്പെടുത്തിയ കേസ്; കൊല്ലം സ്വദേശി പിടിയിൽ
എല്ലാവരും ഉറങ്ങിയ സമയം നോക്കി അയൽവാസികളുടെ കാറിനും മൂന്ന് ഇരുചക്രവാഹനങ്ങൾക്കുമാണ് ഇയാൾ തീയിട്ടത്. തീ പടരുന്നത് കണ്ട് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചിരുന്നു. വീട്ടുകാരുടെ പരാതിയിൽ പെരുന്തുറൈ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൈദ്യനാഥൻ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചു.
The post പിണക്കം തീർക്കാൻ സഹായിച്ചില്ല; അയൽവീടുകളിലെ വാഹനങ്ങൾക്ക് തീയിട്ട യുവാവ് അറസ്റ്റിൽ appeared first on Express Kerala.



