
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് തങ്ങൾക്ക് വേണമെന്ന ആവശ്യത്തിൽ ആർഎസ്പി നേതൃത്വം ഉറച്ചുനിൽക്കുന്നു. ആറ്റിങ്ങൽ, മട്ടന്നൂർ തുടങ്ങിയ വിജയസാധ്യത കുറഞ്ഞ സീറ്റുകൾക്ക് പകരം ജയസാധ്യതയുള്ള മണ്ഡലങ്ങൾ വേണമെന്നാണ് പാർട്ടിയുടെ നിലപാട്. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എംപി എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ സീറ്റ് മാറ്റത്തിലൂടെ മുന്നണിക്കുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് അവർ വിശദീകരിച്ചു.
കൊല്ലം സീറ്റ് വിട്ടുനൽകുകയാണെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകൾക്ക് പകരം നാല് സീറ്റുകൾ മാത്രം മതിയെന്ന വിട്ടുവീഴ്ചയ്ക്കും ആർഎസ്പി തയ്യാറാണ്. കഴിഞ്ഞ തവണ മത്സരിച്ച ഇരവിപുരത്തിന് പകരം കൊല്ലം മണ്ഡലം നൽകണമെന്നാണ് പ്രധാന ആവശ്യം. ജില്ലയ്ക്ക് പുറത്തുള്ള ആറ്റിങ്ങൽ, മട്ടന്നൂർ സീറ്റുകൾക്ക് പകരം ചടയമംഗലം, പുനലൂർ, വാമനപുരം, അരുവിക്കര, അമ്പലപ്പുഴ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്ന് വേണമെന്നും ആർഎസ്പി ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ഡിവൈഎസ്‌പിയെ ഭീഷണിപ്പെടുത്തിയ കേസ്; കെ. സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഒരു സീറ്റിലും വിജയിക്കാൻ കഴിയാത്തതിനാൽ ആർഎസ്പിക്ക് ഈ തിരഞ്ഞെടുപ്പ് അതിനിർണ്ണായകമാണ്. കോൺഗ്രസ് തുടർച്ചയായി പരാജയപ്പെട്ട സീറ്റുകളാണ് തങ്ങൾ ചോദിക്കുന്നതെന്നാണ് ആർഎസ്പി നേതാക്കളുടെ വാദം. കൊല്ലം ലഭിച്ചില്ലെങ്കിൽ പകരം പുനലൂരോ ചടയമംഗലമോ നൽകണമെന്ന നിലപാടിലേക്കും പാർട്ടി എത്തിയേക്കാം. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ സാന്നിധ്യമുറപ്പിക്കാൻ ഒരു സീറ്റിലെങ്കിലും മത്സരിക്കണമെന്ന വികാരവും പാർട്ടിക്കുള്ളിൽ ശക്തമാണ്.
The post കൊല്ലം വേണം, സീറ്റുകൾ കുറയ്ക്കാം; കോൺഗ്രസിന് മുന്നിൽ ‘പാക്കേജുമായി’ ആർഎസ്പി appeared first on Express Kerala.



