
തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമ്മലയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം. ആക്രമണത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിയുകയും രണ്ട് യുവാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവർ മുത്തിക്കാണി സ്വദേശി അശ്വിൻ, യാത്രക്കാരനായ സനോജ് എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പെരിങ്ങമ്മല ഇടവത്തായിരുന്നു സംഭവം. പെരിങ്ങമ്മല ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ റോഡിന് വശത്ത് നിന്നിരുന്ന കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. കാട്ടുപോത്തിന്റെ ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇടവം, ഇടിഞ്ഞാർ തുടങ്ങിയ പ്രദേശങ്ങളിൽ വന്യജീവി ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
The post പെരിങ്ങമ്മലയിൽ കാട്ടുപോത്തിന്റെ പരാക്രമം; ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ മറിഞ്ഞു, യാത്രക്കാർക്ക് പരിക്ക് appeared first on Express Kerala.



