
ഫരീദാബാദ്: വീട്ടിലിരുത്തി പഠിപ്പിക്കുന്നതിനിടെ 50 വരെ എണ്ണാൻ കഴിയാത്തതിൽ പ്രകോപിതനായി പിതാവ് നാലു വയസ്സുകാരിയെ അടിച്ചുകൊന്നു. ഹരിയാനയിലെ ഫരീദാബാദിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി കൃഷ്ണ ജയ്സ്വാളാണ് സ്വന്തം മകളോട് ഈ ക്രൂരത കാട്ടിയത്. കുട്ടിയെ ചപ്പാത്തിക്കോൽ കൊണ്ട് ശരീരമാസകലം അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് കുട്ടി ബോധരഹിതയായതോടെ പടിക്കെട്ടിൽ നിന്ന് വീണതാണെന്ന വ്യാജേന പിതാവ് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ അമ്മ പോലീസിൽ പരാതിപ്പെട്ടതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ ജയ്സ്വാൾ കുറ്റം സമ്മതിച്ചു. പഠന കാര്യത്തിൽ കുട്ടി പിന്നോട്ട് പോയതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് ഇയാൾ മൊഴി നൽകി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെൺകുട്ടിയെ കൂടാതെ ഏഴ് വയസ്സുള്ള മകനും രണ്ട് വയസ്സുള്ള മറ്റൊരു മകളും ഈ ദമ്പതികൾക്കുണ്ട്.
The post 50 വരെ എണ്ണാൻ കഴിഞ്ഞില്ല! അച്ഛന്റെ മർദ്ദനമേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം appeared first on Express Kerala.



