
മസൂറി: ഉത്തരാഖണ്ഡിലെ ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ ബദ്രിനാഥ്, കേദാർനാഥ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ബദ്രിനാഥ്-കേദാർനാഥ് കമ്മിറ്റി ഇത് സംബന്ധിച്ച ഔദ്യോഗിക പ്രമേയം പുറപ്പെടുവിച്ചു. ദേവഭൂമിയുടെ മതപരവും സാംസ്‌കാരികവുമായ പാരമ്പര്യം സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്ന് കമ്മിറ്റി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി വ്യക്തമാക്കി.
കമ്മിറ്റിയുടെ കീഴിലുള്ള 45 ക്ഷേത്രങ്ങളിലാണ് ഈ വിലക്ക് ബാധകമാകുക. ആറ് മാസത്തെ ശീതകാല അവധിക്ക് ശേഷം ഏപ്രിൽ 23-ന് ബദ്രിനാഥ് ക്ഷേത്രം തുറക്കാനിരിക്കെയാണ് കമ്മിറ്റിയുടെ നിർണ്ണായക നീക്കം. കേദാർനാഥ് ക്ഷേത്രത്തിന്റെ കവാടം തുറക്കുന്ന ശിവരാത്രി ദിനത്തിലാകും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ബദ്രിനാഥിനും കേദാർനാഥിനും പുറമെ ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനമുണ്ടാകില്ല.
ഏപ്രിൽ 19-നാണ് ഈ ക്ഷേത്രങ്ങൾ വിശ്വാസികൾക്കായി തുറന്നുനൽകുന്നത്. ഈ ക്ഷേത്രങ്ങളിൽ പരമ്പരാഗതമായി തന്നെ അഹിന്ദുക്കൾക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്ന് കമ്മിറ്റി അംഗങ്ങള്‍ പ്രതികരിച്ചു. ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കാൻ പഴയ പാരമ്പര്യം കർശനമായി നടപ്പിലാക്കാനാണ് ഈ തീരുമാനമെന്ന് കമ്മിറ്റി അംഗം പറഞ്ഞു.
The post അഹിന്ദുക്കൾക്ക് വിലക്ക്; ബദ്രിനാഥിലും കേദാർനാഥിലും കർശന നിയന്ത്രണവുമായി കമ്മിറ്റി appeared first on Express Kerala.



