തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എഐഎഡിഎംകെ രംഗത്ത്. എഐഎഡിഎംകെയെ ബിജെപിയുടെ അടിമ എന്ന് വിളിച്ചതിനും അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിനും മറുപടിയായാണ് പാർട്ടി നേതൃത്വം രംഗത്തെത്തിയത്. വിജയിന്റെ സിനിമാ ജീവിതം തന്നെ വലിയ അഴിമതികൾ നിറഞ്ഞതാണെന്നും കരിഞ്ചന്തയിൽ ടിക്കറ്റ് വിറ്റ് അനധികൃതമായി പണം സമ്പാദിച്ച ‘ബ്ലാക്ക് ടിക്കറ്റ് വിജയ്’ ആണ് അദ്ദേഹമെന്നും എഐഎഡിഎംകെ പരിഹസിച്ചു. വിജയിന്റേത് അപകടകരമായ രീതിയിലുള്ള ‘നാർസിസിസ്റ്റിക്’ (ആത്മരതി) പെരുമാറ്റമാണെന്നും പാർട്ടി ആരോപിച്ചു.
കഴിഞ്ഞ വർഷം കരൂരിൽ നടന്ന ദുരന്തത്തിൽ 41 പേർ മരിച്ച സംഭവത്തിൽ വിജയിക്കും ഉത്തരവാദിത്തമുണ്ടെന്ന് എഐഎഡിഎംകെ കുറ്റപ്പെടുത്തി. ദുരന്തത്തിന് ശേഷം 72 ദിവസത്തോളം വിജയ് വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്നും ദുരിതബാധിതരെ പോയി കാണുന്നതിന് പകരം അവരെ തന്റെ അടുത്തേക്ക് വരുത്തിയത് അഹങ്കാരത്തിന്റെ അടയാളമാണെന്നും അവർ പറഞ്ഞു. വിജയ് ഒഴുക്കുന്നത് ‘ഗ്ലിസറിൻ കണ്ണീർ’ ആണെന്നും സ്വയം പ്രചാരണത്തിന് വേണ്ടിയാണ് അനുശോചന പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
Also Read: അഹിന്ദുക്കൾക്ക് വിലക്ക്; ബദ്രിനാഥിലും കേദാർനാഥിലും കർശന നിയന്ത്രണവുമായി കമ്മിറ്റി
അതേസമയം, രാഷ്ട്രീയത്തിലെ മുൻകാല ഭരണാധികാരികളെപ്പോലെ താൻ ഒരിക്കലും അഴിമതി നടത്തില്ലെന്നും ഒരു തുള്ളി അഴിമതി പോലും തന്നെ കളങ്കപ്പെടുത്തില്ലെന്നും വിജയ് കഴിഞ്ഞ ദിവസം മാമല്ലപുരത്ത് നടന്ന പാർട്ടി യോഗത്തിൽ വ്യക്തമാക്കിയിരുന്നു. സ്റ്റാലിൻ സർക്കാരിനെ താഴെയിറക്കണമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വെറുമൊരു പോരാട്ടമല്ലെന്നും ഒരു ജനാധിപത്യ യുദ്ധമാണെന്നും വിജയ് അണികളെ ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ തമിഴ്നാട് രാഷ്ട്രീയത്തിൽ വാക്പോര് മുറുകുകയാണ്.
The post “അഴിമതിക്കാരൻ, നാർസിസിസ്റ്റിക് പെരുമാറ്റം”; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് എഐഎഡിഎംകെ appeared first on Express Kerala.



