
കൊച്ചി: എൻ.എസ്.എസ് – എസ്.എൻ.ഡി.പി ഐക്യനീക്കം പൊളിഞ്ഞതിൽ കോൺഗ്രസിനോ യു.ഡി.എഫിനോ യാതൊരു പങ്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ഐക്യത്തിൽ നിന്ന് പിന്മാറാൻ എൻ.എസ്.എസിനോട് കോൺഗ്രസ് നേതാക്കളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും സമുദായ സംഘടനകളുടെ ആഭ്യന്തര തീരുമാനങ്ങളിൽ യു.ഡി.എഫ് ഇടപെടാറില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വിവിധ സമൂഹങ്ങളും സമുദായങ്ങളും തമ്മിൽ സൗഹൃദമുണ്ടാക്കുന്നത് നല്ലതാണെന്നും എന്നാൽ യോജിച്ച് പ്രവർത്തിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആ സംഘടനകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനകൾ തങ്ങളുടെ കാര്യങ്ങളിൽ ഇടപെടാത്തതുപോലെ അവരുടെ കാര്യത്തിൽ പാർട്ടിയും ഇടപെടില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും സതീശൻ വ്യക്തമാക്കി.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മ പുരസ്കാരം ലഭിച്ചതിനെ സതീശൻ അഭിനന്ദിച്ചു. ഈ പുരസ്‌കാരം എസ്.എൻ.ഡി.പി എന്ന പ്രസ്ഥാനത്തിന് ലഭിച്ച അംഗീകാരമായാണ് കാണുന്നതെന്നും അതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി ഉൾപ്പെടെ പുരസ്‌കാരം ലഭിച്ച എല്ലാ മലയാളികളെയും താൻ അനുമോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയത പറയുന്ന കാര്യത്തിൽ മാത്രമാണ് തനിക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ളതെന്നും വിമർശനങ്ങളെ സഹിഷ്ണുതയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂർ സി.പി.എമ്മിലേക്ക് പോകുന്നു എന്ന വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണെന്ന് സതീശൻ പരിഹസിച്ചു. മാധ്യമങ്ങൾ തന്നെ വാർത്ത നൽകിയിട്ട് തന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. നേതൃയോഗങ്ങളിൽ ക്ഷണിക്കുന്നില്ല എന്ന കെ. മുരളീധരന്റെ പരാതി ഗൗരവകരമായി പരിശോധിക്കുമെന്നും മുതിർന്ന നേതാവായ അദ്ദേഹത്തിന്റെ കാര്യത്തിൽ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പുനൽകി.
The post സമുദായ സംഘടനകളുടെ കാര്യത്തിൽ ഞങ്ങൾ ഇടപെടാറില്ല! ഐക്യനീക്കം പൊളിഞ്ഞതിൽ മറുപടിയുമായി സതീശൻ appeared first on Express Kerala.



