
പോഷകഗുണങ്ങൾ കൊണ്ട് സമ്പന്നമായ സാലഡുകൾ ഇന്ന് നമ്മുടെ ഭക്ഷണശീലത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. പച്ചക്കറികളും ഇലകളും കൊണ്ട് തയ്യാറാക്കുന്ന സാധാരണ സാലഡുകളിൽ നിന്നും വ്യത്യസ്തമായി, തെക്കുകിഴക്കൻ ഏഷ്യൻ രുചിക്കൂട്ടുകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ‘ഫ്യൂഷൻ’ സാലഡ് പരീക്ഷിച്ചാലോ? നമ്മുടെ സ്വന്തം ചക്ക പ്രധാന ചേരുവയായി എത്തുന്ന ഈ മോഡേൺ ഏഷ്യൻ ഇൻസ്പയേർഡ് സാലഡ് രുചിയിലും കാഴ്ചയിലും ഒരുപോലെ വേറിട്ടുനിൽക്കുന്നു.
ചേരുവകൾ
പ്രധാന വിഭവം: ചക്കച്ചുള കഷണങ്ങളാക്കിയത് (200 ഗ്രാം)
പച്ചക്കറികൾ: കാരറ്റ് (80 ഗ്രാം), ചുവന്നതും മഞ്ഞയുമായ ബെൽ പെപ്പർ (60 ഗ്രാം വീതം), കക്കരി (60 ഗ്രാം), റാഡിഷ് (30 ഗ്രാം).
വേവിച്ചവ: ബ്രോക്കളി (100 ഗ്രാം), ബേബി കോൺ (60 ഗ്രാം).
ഡ്രെസ്സിങ്ങിന്: ഒലിവ് ഓയിൽ (10 ഗ്രാം), സോയ സോസ് (30 ഗ്രാം), റൈസ് വിനെഗർ (20 ഗ്രാം), എള്ളെണ്ണ (10 ഗ്രാം), പഞ്ചസാര (5 ഗ്രാം), വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് (5 ഗ്രാം വീതം), ചുവന്ന മുളക് കഷണങ്ങൾ, ഉപ്പ് (ആവശ്യത്തിന്).
ഗാർണിഷിങ്ങിന്: സ്പ്രിങ് ഒനിയൻ, മല്ലിയില, മൈക്രോഗ്രീൻസ്, വറുത്ത എള്ള്.
Also Read: വീട്ടിലുണ്ടാക്കാം മനം നിറയ്ക്കും മധുരം; സിമ്പിളായി ഒരു കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്!
തയ്യാറാക്കുന്ന വിധം
ചക്കക്കഷണങ്ങൾ ആവശ്യത്തിന് വേവിക്കുക. ഒരു പാനിൽ അല്പം ഒലിവ് ഓയിൽ ചൂടാക്കി സോയ സോസും മുളക് കഷണങ്ങളും ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ച ചക്കക്കഷണങ്ങൾ ചേർത്ത് നന്നായി യോജിപ്പിക്കുക. കാരറ്റ്, ബെൽ പെപ്പർ, ബ്രോക്കോളി, കക്കരി, സ്പ്രിങ് ഒനിയൻ എന്നിവ കനം കുറച്ച് അരിയുക. ഇതിലേക്ക് 20 ഗ്രാം വിനാഗിരി വെള്ളം, അഞ്ച് ഗ്രാം പഞ്ചസാര, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റി വെക്കുക. ഒരു വലിയ ബൗൾ എടുത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചക്കറികൾ, വറുത്ത എള്ള്, ചക്കക്കഷണങ്ങൾ, മൈക്രോഗ്രീൻസ്, മല്ലിയില എന്നിവ ചേർക്കുക. ബാക്കിയുള്ള ചേരുവകളും ഡ്രെസ്സിങ്ങും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. സാധാരണ താപനിലയിൽ എത്തുമ്പോൾ ആകർഷകമായി വിളമ്പാം.
പുളിയും മധുരവും എരിവും ഒത്തുചേരുന്ന ഈ വിഭവം ഡയറ്റ് നോക്കുന്നവർക്കും വ്യത്യസ്തമായ രുചികൾ ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പ്രിയങ്കരമാകും.
The post ചക്ക ഇനി ‘മോഡേൺ’ ആകും; രുചിയിൽ വിസ്മയിപ്പിക്കാൻ ഏഷ്യൻ ഇൻസ്പയേർഡ് ചക്ക സാലഡ് appeared first on Express Kerala.



