
ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികൾ അട്ടിമറിക്കപ്പെടുകയാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഈ കാലഘട്ടം കണ്ട ഏറ്റവും വലിയ കൊള്ളയാണിത്. അന്വേഷണ ചുമതല ഏറ്റെടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും നഷ്ടപ്പെട്ട സ്വർണം എത്ര കിലോയാണെന്ന് കണ്ടെത്താനോ അത് വീണ്ടെടുക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നതെന്നും അതുകൊണ്ടാണ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ രഹസ്യമായി ചോദ്യം ചെയ്തതിനെയും അദ്ദേഹം പരിഹസിച്ചു. കടകംപള്ളിയുടെ അഭിമുഖം രേഖപ്പെടുത്താനാണോ അന്വേഷണസംഘം പോയതെന്ന് അദ്ദേഹം ചോദിച്ചു.
പ്രതികൾക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാൻ സാഹചര്യം ഒരുക്കുന്നത് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് കൊണ്ടാണെന്നും ഇതിന് പിന്നിൽ സിപിഐഎം ആണെന്നും സണ്ണി ജോസഫ് തുറന്നടിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി. കുഞ്ഞികൃഷ്ണനെതിരെ ദിവസങ്ങൾക്കുള്ളിൽ നടപടിയെടുത്ത പാർട്ടി, സ്വർണക്കൊള്ളക്കേസിൽ മാസങ്ങളായി ജയിലിൽ കഴിയുന്ന നേതാക്കൾക്കെതിരെ ഒരു നോട്ടീസ് പോലും നൽകാൻ തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ ഭയം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. നടപടിയെടുത്താൽ ഉള്ളിലെ രഹസ്യങ്ങൾ നേതാക്കൾ വിളിച്ചുപറയുമെന്ന് ഭയന്നാണ് മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കുന്നതെന്ന് സണ്ണി ജോസഫ് ആരോപിച്ചു.
The post ശബരിമലയിലെ സ്വർണം എവിടെ? എസ്ഐടിയെ നിയന്ത്രിക്കുന്നത് പിണറായി വിജയനെന്ന് സണ്ണി ജോസഫ് appeared first on Express Kerala.



