
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വ്യക്തിപരമായ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. സതീശന്റേത് തരംതാണ പദപ്രയോഗങ്ങളാണെന്നും ഒരു പൊതുപ്രവർത്തകൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെയും സമുദായ നേതാക്കളെയും അധിക്ഷേപിക്കുന്ന സതീശൻ, തന്റെ അണികളെ ആവേശഭരിതരാക്കാനാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. വി.ഡി. സതീശനെ ‘കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരൻ’ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.
ആർഎസ്എസ് ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിൽ വി.ഡി. സതീശനെ ‘വിനായക് ദാമോദർ സതീശൻ’ എന്ന് മന്ത്രി പരിഹസിച്ചു. താൻ ആർഎസ്എസിനെതിരെ നെഞ്ചുവിരിച്ച് പോരാടുമ്പോൾ സതീശൻ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നുവെന്നും ഗോൾവാൾക്കർക്ക് മുന്നിൽ നട്ടെല്ല് വളച്ചത് താനല്ലെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിൽ സതീശന്റെ ഫോട്ടോ സഹിതം പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെ പരാമർശിച്ച മന്ത്രി, തങ്ങൾ അതേ രീതിയിൽ തിരിച്ചടിച്ചാൽ സതീശൻ ഭയന്നുപോകുമെന്നും എന്നാൽ മാന്യതയുള്ളതുകൊണ്ടാണ് തങ്ങൾ അതിന് മുതിരാത്തതെന്നും വ്യക്തമാക്കി.
Also Read: ഷാഫി പറമ്പിലിന് ശിക്ഷ; 1000 രൂപ പിഴയിട്ട് കോടതി
സോണിയ ഗാന്ധിയെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളിൽ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എസ്പിജി ക്ലിയറൻസ് ഇല്ലാതെ ഒരാൾക്കും സോണിയയെ കാണാൻ കഴിയില്ലെന്നിരിക്കെ, ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ എങ്ങനെ അവരുടെ അടുത്തെത്തിയെന്ന് അന്വേഷിക്കണം. സോണിയയുടെ മണ്ഡലമായ ബെല്ലാരിയിൽ സ്വർണം വിറ്റുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും ഭരണഘടനയിൽ ആരെയും ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശി തരൂർ സിപിഐഎമ്മുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകളെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് മന്ത്രി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് എൽഡിഎഫ് തന്നെ ജയിക്കുമെന്നും ബിജെപി പൂട്ടിയ അക്കൗണ്ട് ഇനി തുറക്കാൻ കഴിയില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. താൻ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം സമരം മുതൽ ദുരന്തമുഖത്ത് വരെ സതീശൻ രാഷ്ട്രീയം കളിക്കുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു.
The post “ഗോൾവാൾക്കർക്ക് മുന്നിൽ നട്ടെല്ല് വളച്ചത് വിനായക് ദാമോദർ സതീശൻ”; രൂക്ഷ പരിഹാസവുമായി വി. ശിവൻകുട്ടി appeared first on Express Kerala.



