
റമദാൻ മാസത്തിൽ പള്ളികളിൽ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നുകൾക്ക് കർശന നിയന്ത്രണങ്ങളുമായി കുവൈത്ത് ഇസ്‌ലാമിക കാര്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കി. പുതിയ നിർദ്ദേശപ്രകാരം പള്ളികൾക്കുള്ളിൽ ഇഫ്താർ വിരുന്നുകൾ നടത്താൻ അനുവാദമുണ്ടാകില്ല. പകരം പള്ളി അങ്കണങ്ങളിലും മുറ്റങ്ങളിലും മാത്രമേ ഭക്ഷണം വിളമ്പാൻ പാടുള്ളൂ. പള്ളി പരിസരങ്ങളിൽ താൽക്കാലിക ടെന്റുകൾ നിർമ്മിക്കുന്നതിനും മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളോ സ്ഥാപനങ്ങളോ മന്ത്രാലയത്തിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങേണ്ടത് നിർബന്ധമാണ്.
ഭക്ഷണ വിതരണത്തിനും ശുചിത്വത്തിനുമായി പ്രത്യേക സമയക്രമവും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. മഗ്രിബ് ബാങ്കിന് 30 മിനിറ്റ് മുമ്പ് മാത്രമേ ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ആരംഭിക്കാവൂ എന്നും, നോമ്പ് തുറ കഴിഞ്ഞാലുടൻ പള്ളി പരിസരം വൃത്തിയാക്കി അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നും നിർദ്ദേശമുണ്ട്. ബാങ്ക് വിളിച്ച് 15 മിനിറ്റിനുള്ളിൽ മഗ്രിബ് നമസ്‌കാരം ആരംഭിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. റമദാൻ മാസത്തിലെ പവിത്രതയും പള്ളികളിലെ ശുചിത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പരിഷ്‌കാരങ്ങൾ.
The post പള്ളികളിലെ ഇഫ്താർ വിരുന്നുകൾക്ക് നിയന്ത്രണമേർപ്പെടുത്തി കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി appeared first on Express Kerala.



