
ആസിഡ് ആക്രമണക്കേസുകളിൽ കുറ്റക്കാരെന്നു കണ്ടെത്തുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള കർശന നടപടികൾ വേണമെന്ന് സുപ്രീം കോടതി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കൂടുതൽ കടുത്ത ശിക്ഷ ഉറപ്പാക്കാൻ പുതിയ നിയമനിർമാണം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് നിയമപരമായ സംരക്ഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണ്ണായക പരാമർശങ്ങൾ.
സ്ത്രീധന പീഡനക്കേസുകളിലെ മാതൃകയിൽ, കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതികളിൽ തന്നെ ചുമത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ആസിഡ് ആക്രമണത്തിന് ഇരയായ ഷഹീൻ മാലിക് നേരിട്ട് ഹാജരായി തന്റെ 16 വർഷം നീണ്ട നിയമപോരാട്ടത്തെക്കുറിച്ച് കോടതിയിൽ വിവരിച്ചു. പ്രതികളെ വെറുതെവിട്ടതിനെതിരെയുള്ള അപ്പീലുകൾ വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതികൾക്ക് നിർദ്ദേശം നൽകണമെന്നും അവർ അഭ്യർഥിച്ചു.
Also Read: ഇവിടെ വോട്ട് ചെയ്യണ്ട, ബംഗ്ലദേശിൽ പോകൂ! മിയാ മുസ്‍ലിംകൾക്കെതിരെ ഹിമന്ത ബിശ്വ ശർമ്മ
ഇതിനെത്തുടർന്ന് രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും കെട്ടിക്കിടക്കുന്ന ആസിഡ് ആക്രമണ കേസുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർപ്പാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലായി നൂറുകണക്കിന് കേസുകളാണ് നിലവിൽ തീർപ്പാവാതെ കിടക്കുന്നത്. ഉത്തർപ്രദേശിൽ മാത്രം 198 കേസുകൾ നിലവിലുണ്ട്. ഗുജറാത്ത് (114), ബിഹാർ (68), പശ്ചിമ ബംഗാൾ (60), മഹാരാഷ്ട്ര (58) എന്നിങ്ങനെയാണ് മറ്റ് പ്രധാന സംസ്ഥാനങ്ങളിലെ കണക്കുകൾ.
The post പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും! ആസിഡ് ആക്രമണക്കേസുകളിൽ നടപടിയുമായി സുപ്രീം കോടതി appeared first on Express Kerala.



