
പകൽ മുഴുവൻ തളർന്നിരുന്നിട്ടും രാത്രി 11 മണിയാകുമ്പോൾ പെട്ടെന്ന് ഉന്മേഷം തോന്നാറുണ്ടോ? ഉറങ്ങേണ്ട സമയത്ത് ലഭിക്കുന്ന ഈ അപ്രതീക്ഷിത ഊർജ്ജത്തെയാണ് ശാസ്ത്രലോകം ‘സെക്കൻഡ് വിൻഡ് ഇഫക്ട്’ എന്ന് വിളിക്കുന്നത്. ശരീരത്തിലെ ഓക്സിജൻ അളവ്, ഹോർമോൺ വ്യതിയാനങ്ങൾ, ഉപാപചയ പ്രവർത്തനങ്ങൾ എന്നിവയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് പിന്നിലെന്ന് പബ്ലിക് ഹെൽത്ത് എക്സ്പെർട്ട് ഡോ. ജഗദീഷ് ഹിരേമത്ത് വ്യക്തമാക്കുന്നു.
എന്താണ് ഈ മാറ്റത്തിന് കാരണം?
സർക്കാഡിയൻ താളം: ശരീരത്തിന്റെ ആന്തരിക ഘടികാരമാണ് ഉറക്കത്തെയും ഉണർവ്വിനെയും നിയന്ത്രിക്കുന്നത്. രാത്രിയിൽ സജീവമാകുന്ന പ്രകൃതമുള്ളവരിൽ (Night Owls) ഈ സമയത്ത് ഊർജ്ജം സ്വാഭാവികമായും വർദ്ധിക്കുന്നു.
ഹോർമോണുകളുടെ പ്രവർത്തനം: ശരീരം കടുത്ത ക്ഷീണത്തിലൂടെ കടന്നുപോകുമ്പോൾ അതിനെ പ്രതിരോധിക്കാൻ കോർട്ടിസോൾ, അഡ്രിനാലിൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് താൽക്കാലികമായി ശ്രദ്ധയും ഉന്മേഷവും നൽകുന്നു. ഈ സമയത്ത് ഹൃദയമിടിപ്പ് സ്ഥിരമാകുകയും പേശികളിലേക്ക് കൂടുതൽ ഓക്സിജൻ എത്തുകയും ചെയ്യുന്നത് ഉന്മേഷം കൂട്ടുന്നു.
മാനസികമായ ഉത്തേജനം: വൈകി നേരത്തുള്ള ഫോൺ ഉപയോഗം, സോഷ്യൽ മീഡിയ, ജോലിയിലെ സമ്മർദ്ദം എന്നിവ തലച്ചോറിനെ ഉണർത്തി നിർത്തുന്നു. ഇത് ഉറക്കത്തിനുള്ള സിഗ്നലുകളെ തടയുകയും ക്ഷീണമുണ്ടെങ്കിലും ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.
Also Read: സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന 3 ഭക്ഷണങ്ങൾ നോക്കാം..!
സെക്കൻഡ് വിൻഡ് ഇഫക്ട് ദോഷകരമാണോ?
സർഗ്ഗാത്മകമായി ചിന്തിക്കാനും ജോലി ചെയ്യാനും ഈ സമയം സഹായിക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് ആരോഗ്യത്തിന് നല്ലതല്ല. ഇത് സ്വാഭാവിക ഉറക്കചക്രത്തെ തകർക്കുകയും നിർജ്ജലീകരണം, ഉത്കണ്ഠ, കടുത്ത ക്ഷീണം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.
സുഖകരമായ ഉറക്കത്തിന് എന്തുചെയ്യണം?
ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ മാറ്റിവെക്കുക.
ഉച്ചയ്ക്ക് ശേഷം കഫീൻ (ചായ, കാപ്പി) അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.
ഉറങ്ങാനും എഴുന്നേൽക്കാനും കൃത്യമായ സമയം പാലിക്കുക.
വായനയോ ലഘുവായ വ്യായാമങ്ങളോ ശീലിക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും.
The post രാത്രി 11 മണിയായാൽ ഉന്മേഷം ഉണ്ടാകാറുണ്ടോ; എന്താണ് ഈ ‘സെക്കന്റ് വിൻഡ്’ പ്രതിഭാസം? ഉറക്കം കളയുന്ന ആ രഹസ്യം ഇതാ! appeared first on Express Kerala.



