
മകരവിളക്ക് ദിനത്തിൽ പമ്പയിൽ അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ചെന്ന പരാതിയിൽ സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി ദേവസ്വം വിജിലൻസ് രേഖപ്പെടുത്തി. ചിത്രീകരണം നടന്നത് സന്നിധാനത്തല്ലെന്നും പമ്പയിലാണെന്നുമാണ് സംവിധായകൻ നൽകിയിരിക്കുന്ന വിശദീകരണം. സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണെന്നും റിപ്പോർട്ട് ഇന്ന് തന്നെ കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
റിസർവ് വനഭൂമിയിൽ അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തിയതിന് വനംവകുപ്പും സംവിധായകനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വനംവകുപ്പ് നൽകുന്ന സൂചന. സിനിമ ചിത്രീകരിക്കാൻ ദേവസ്വം ബോർഡ് നേരത്തെ അനുമതി നിഷേധിച്ചിരുന്ന പശ്ചാത്തലത്തിലാണ് ഈ മാസം 24-ന് വനംവകുപ്പ് കേസെടുത്തത്. റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ വിജിലൻസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും അറിയിച്ചു.
Also Read: ഒടുവിൽ പുറത്തേക്ക്! രാഹുലിന് ജാമ്യം
സിനിമ ചിത്രീകരിക്കാനായി എ.ഡി.ജി.പി എസ്. ശ്രീജിത്ത് അനധികൃതമായി അനുമതി നൽകിയെന്ന് ആരോപിച്ച് അഡ്വ. ഷാജഹാൻ നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. പമ്പ പശ്ചാത്തലമായ സിനിമയുടെ ചിത്രീകരണത്തിനായി സന്നിധാനത്ത് മാധ്യമപ്രവർത്തകർ നിൽക്കുന്ന ഇടത്താണ് അനുമതി തേടിയിരുന്നത് എന്നാണ് സംവിധായകന്റെ പക്ഷം. വിജിലൻസ് റിപ്പോർട്ട് ലഭിക്കുന്നതോടെ ഈ വിഷയത്തിൽ ദേവസ്വം ബോർഡ് കൂടുതൽ വ്യക്തത വരുത്തും.
The post ‘ഷൂട്ടിംഗ് നടന്നത് സന്നിധാനത്തല്ല, പമ്പയിൽ’; വിജിലൻസിന് മൊഴി നൽകി സംവിധായകൻ അനുരാജ് മനോഹർ appeared first on Express Kerala.



