loader image
എംപോക്സ് ഭീതിയിൽ അബുദാബി; ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്

എംപോക്സ് ഭീതിയിൽ അബുദാബി; ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്

എംപോക്സ് കേസുകൾ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ പ്രവാസികളടക്കമുള്ളവർ കടുത്ത ജാഗ്രത പാലിക്കണമെന്ന് അബുദാബി ആരോഗ്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്കും ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നവർക്കും വൈറസ് ബാധിക്കാൻ സാധ്യതയേറെയാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വൈറസ് ബാധിച്ചവരുമായോ വന്യമൃഗങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം, രോഗികളുടെ ശരീരസ്രവങ്ങൾ, ശ്വസന കണികകൾ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. രോഗം ബാധിച്ചയാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന കണികകളിലൂടെയും മറ്റൊരാളിലേക്ക് വൈറസ് എത്തിയേക്കാം. ഗർഭിണികളിൽ നിന്ന് കുഞ്ഞിലേക്ക് മറുപിള്ള വഴി രോഗം പകരാനും സാധ്യതയുണ്ട്.

Also Read: പള്ളികളിലെ ഇഫ്താർ വിരുന്നുകൾക്ക് നിയന്ത്രണമേർപ്പെടുത്തി കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി

രോഗവ്യാപനം തടയുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധ നടപടികളാണ് ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർ 21 ദിവസം നിർബന്ധമായും വീടുകളിൽ ക്വാറന്റീനിൽ കഴിയണം. രോഗം സ്ഥിരീകരിക്കുന്നവരെ പൂർണ്ണമായും സുഖപ്പെടുന്നത് വരെ ആശുപത്രികളിലെ ഐസലേഷൻ വാർഡുകളിൽ പാർപ്പിക്കും. അബുദാബിയിൽ അൽറഹ്ബ, അൽഐൻ, ലിവ ആശുപത്രികളിലാണ് ഇതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടുന്നത് മുതൽ അവ ഉണങ്ങി പുതിയ തൊലി വരുന്നത് വരെ മറ്റൊരാളിലേക്ക് രോഗം പകരാൻ സാധ്യതയുള്ളതിനാൽ ഈ കാലയളവിൽ അതീവ ശ്രദ്ധ ആവശ്യമാണ്.

See also  ആകാശത്തിലേക്കൊരു മടക്കയാത്ര: ഭീതിയും വിസ്മയവും ഉണർത്തുന്ന ടിബറ്റിലെ സ്കൈ ബറിയൽ

യാത്രകളിലും പൊതു പരിപാടികളിലും പങ്കെടുക്കുമ്പോൾ മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. സ്വകാര്യ ആശുപത്രികളിൽ സംശയാസ്പദമായ രീതിയിൽ രോഗികൾ എത്തിയാൽ വിവരം ഉടൻ തന്നെ സർക്കാരിനെ അറിയിക്കുകയും അവരെ സർക്കാർ ഐസലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും വേണം. ലക്ഷണങ്ങൾ കണ്ടാൽ ഒളിച്ചുവെക്കാതെ കൃത്യമായ ചികിത്സ തേടുന്നത് രോഗവ്യാപനം തടയാൻ സഹായിക്കും.

The post എംപോക്സ് ഭീതിയിൽ അബുദാബി; ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ് appeared first on Express Kerala.

Spread the love

New Report

Close