ബെംഗളൂരു: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നൽകി യുവതിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ വിജയരാജ് ഗൗഡ എന്ന യുവാവിനെതിരെ ബെംഗളൂരു നോർത്ത് സൈബർ പോലീസ് കേസെടുത്തു. ഇ.ഡിയുടെ അന്വേഷണവും പിതാവിന്റെ അസുഖവും ചൂണ്ടിക്കാട്ടിയാണ് ഇയാൾ പണം കവർന്നത്.
‘വൊക്കലിഗ മാട്രിമോണി’ വഴിയാണ് യുവതി വിജയരാജ് ഗൗഡയെ പരിചയപ്പെടുന്നത്. വലിയൊരു ബിസിനസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ യുവതിയുമായി അടുപ്പം സ്ഥാപിച്ചു. തുടർന്ന് തന്റെ ബിസിനസ് പ്രതിസന്ധിയിലാണെന്നും ഇ.ഡി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും വിശ്വസിപ്പിച്ചു. ഇതിനിടെ പിതാവിന്റെ ചികിത്സയ്ക്ക് അത്യാവശ്യമായി പണം വേണമെന്ന് ആവശ്യപ്പെട്ടതോടെ യുവതി പലതവണകളായി 50 ലക്ഷത്തോളം രൂപ നൽകുകയായിരുന്നു.
പണം കൈപ്പറ്റിയതിന് പിന്നാലെ വിജയരാജ് ഗൗഡ ഫോൺ ഓഫാക്കുകയും മാട്രിമോണിയൽ സൈറ്റിലെ അക്കൗണ്ട് നീക്കം ചെയ്യുകയും ചെയ്തു. താൻ ചതിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ യുവതി ഉടൻ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു. മാട്രിമോണിയൽ സൈറ്റുകൾ വഴിയുള്ള തട്ടിപ്പുകൾ ഇതേ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ ശാദി.കോം വഴി പരിചയപ്പെട്ട യുവാവിൽ നിന്ന് യുവതി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസും നോർത്ത് സൈബർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തിരുന്നു.
The post മാട്രിമോണി വഴി പരിചയം, പിന്നാലെ ‘ഇ ഡി’ പേടിയും അച്ഛന്റെ അസുഖവും; യുവതിയിൽ നിന്ന് തട്ടിയത് 50 ലക്ഷം appeared first on Express Kerala.



