
ശബരിമല സ്വർണ്ണ മോഷണക്കേസിൽ അറസ്റ്റിലായ തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഫെബ്രുവരി രണ്ടിലേക്ക് കോടതി മാറ്റി. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട വാദം അടുത്ത മാസം മൂന്നാം തീയതി നടക്കും. ദ്വാരപാലക ശില്പ കേസിലെ ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. മുതിർന്ന അഭിഭാഷകൻ കെ. രാമൻപിള്ളയാണ് തന്ത്രിക്കായി ഹാജരായത്. പ്രതിഭാഗം ഉന്നയിച്ച വാദങ്ങളും പ്രോസിക്യൂഷന്റെ എതിർപ്പുകളും കോടതി വരും ദിവസങ്ങളിൽ വിശദമായി പരിശോധിക്കും.
അതേസമയം, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടുള്ള കോടതിയുടെ നിലപാടുകൾ വലിയ ചർച്ചയാവുകയാണ്. അന്വേഷണത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രശംസിക്കുമ്പോൾ, ചില പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യം ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് അന്വേഷണ സംഘത്തെ വിമർശിച്ചിരുന്നു. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിവിഷൻ ബെഞ്ചിന്റെ അനുകൂല നിലപാടിനേക്കാൾ, ജാമ്യ വിഷയവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്റെ വിമർശനങ്ങൾക്ക് വലിയ പ്രചാരം ലഭിച്ചത് അന്വേഷണ സംഘത്തിനിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
The post ശബരിമല സ്വർണ്ണ മോഷണക്കേസ്! തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി appeared first on Express Kerala.



