
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്നു വീണ് തൊഴിലാളിക്ക് പരുക്ക്. നിർമ്മാണം നടക്കുന്നതിനിടെ പൊളിച്ചുകളഞ്ഞ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന ഒഡീഷ സ്വദേശിയായ തൊഴിലാളിക്കാണ് പരുക്കേറ്റത്.
പാരപ്പറ്റിന് മുകളിൽ കയറി ജോലി ചെയ്യുന്നതിനിടെ കോൺക്രീറ്റ് പാളി ഇയാൾക്ക് മുകളിലേക്ക് അടർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ ഇയാളെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നേരത്തെ ഇതേ മെഡിക്കൽ കോളജിലെ പഴയ ശുചിമുറിയുടെ കോൺക്രീറ്റ് തകർന്നു വീണ് ബിന്ദു എന്ന യുവതി മരിച്ചിരുന്നു. ആ അപകടം നടന്ന കെട്ടിടത്തിന് തൊട്ടടുത്ത ഭാഗത്താണ് ഇപ്പോൾ വീണ്ടും സമാനമായ അപകടം ഉണ്ടായിരിക്കുന്നത്. നിർമ്മാണ ജോലികൾ നടക്കുന്ന കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിൽ രോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട് എന്നത് ആശങ്ക വർധിപ്പിക്കുന്നു.
The post കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും കോൺക്രീറ്റ് പാളി തകർന്നു വീണു; തൊഴിലാളിക്ക് പരുക്ക് appeared first on Express Kerala.



