
കോഴിക്കോട്: വടകരയിൽ ഓട്ടോറിക്ഷാ യാത്രയ്ക്കിടെ വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ. നാഗർകോവിൽ സ്വദേശികളായ മണിമേഖല, വിജയ എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. പൂത്തൂർ പൂന്തോട്ടത്തിൽ ദേവിയുടെ മൂന്നര പവന്റെ സ്വർണ്ണമാലയാണ് യുവതികൾ തട്ടിയെടുക്കാൻ ശ്രമിച്ചത്.
രാവിലെ 8.30-ഓടെയാണ് സംഭവം നടന്നത്. അറക്കിലാട് സബ് സ്റ്റേഷൻ സ്റ്റോപ്പിൽ നിന്ന് വടകര പഴയ ബസ് സ്റ്റാൻഡിലേക്ക് പോകാനായി ഓട്ടോയിൽ കയറിയതായിരുന്നു ദേവി. യാത്രയ്ക്കിടെ മണിമേഖലയും വിജയയും ഓട്ടോയിൽ കയറി ദേവിക്ക് അരികിലായി ഇരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ദേവി അതീവ ജാഗ്രതയിലിരുന്നു. ഇതിനിടെ യുവതികൾ മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ ദേവി ബഹളം വയ്ക്കുകയും ഓട്ടോ ഡ്രൈവർ വാഹനം നിർത്തുകയും ചെയ്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വടകര പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post ഓട്ടോറിക്ഷയിൽ മാല പൊട്ടിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശിനികൾ പിടിയിൽ appeared first on Express Kerala.



