
ആഗോള രാഷ്ട്രീയത്തിൽ താനൊരു മഹാനായ “ഡീൽ മേക്കർ” ആണെന്ന് സ്വയം പ്രഖ്യാപിച്ച വ്യക്തിയാണ് ഡോണൾഡ് ട്രംപ്. വാചകങ്ങളിൽ ധീരതയും മുദ്രാവാക്യങ്ങളിൽ ദേശീയതയും നിറച്ചുകൊണ്ട് അവതരിപ്പിച്ച ‘അമേരിക്ക ഫസ്റ്റ്’ നയവും ട്രംപിസവും, യാഥാർത്ഥ്യത്തിൽ ഒരു തന്ത്രമല്ല; മറിച്ച് ആഗോള സംവിധാനങ്ങളെ കുറിച്ചുള്ള ആഴമില്ലാത്ത ധാരണയുടെ പ്രതിഫലനമാണ്. ലോകത്തിന്റെ മൊത്തം ഉത്തരവാദിത്തം ചുമന്നുനിൽക്കുന്ന “ആഗോള നേതാവ്” എന്ന വേഷം ഉപേക്ഷിക്കാം എന്ന ട്രംപിന്റെ വാദം, കേൾക്കാൻ സുഖകരമായ ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമാണ് . ലോകത്തെ ഒരു റിയാലിറ്റി ഷോ പോലെ കാണുകയും, രാജ്യങ്ങളെ കോർപ്പറേറ്റ് യൂണിറ്റുകളായി കണക്കാക്കി “ലാഭം–നഷ്ടം” എന്ന ലളിത ഗണിതത്തിലേക്ക് ചുരുക്കുകയും ചെയ്യുന്ന ഒരാളിൽ നിന്ന് ഇതിലുപരി എന്താണ് പ്രതീക്ഷിക്കാനാവുക? അമേരിക്ക ഇനി ലോകത്തിന്റെ കാവൽക്കാരനാകേണ്ടതില്ല, സ്വന്തം ജനതയുടെ ക്ഷേമം മാത്രം നോക്കിയാൽ മതി എന്ന വാദം, വോട്ടർമാരെ ആവേശത്തിലാക്കുന്ന ഒരു പൊള്ളവാഗ്ദാനമാണ്. കാരണം, ലോകകാര്യങ്ങളിൽ നിന്ന് അമേരിക്ക പിന്മാറുക എന്നത് ധീരമായ സ്വാതന്ത്ര്യപ്രഖ്യാപനമല്ല മറിച്ച് സ്വന്തം ശക്തിയുടെ അടിത്തറ തകർക്കുന്ന, സ്വന്തം കാലിൽ തന്നെ വെടിവെക്കുന്നതിന് തുല്യമായ ഒരു രാഷ്ട്രീയ അബദ്ധമാണ്.
ഈ കാഴ്ചപ്പാട്, അമേരിക്ക ഒരു സ്വയംപര്യാപ്ത രാഷ്ട്രമാണെന്ന ധാരണയിലാണ് നിലനിൽക്കുന്നത്. എന്നാൽ യാഥാർത്ഥ്യം അതല്ല. ആധുനിക അമേരിക്കയെ ഒരു ഒറ്റപ്പെട്ട രാജ്യമായി കാണുന്നതിലുപരി, ലോകത്തിന്റെ നടുവിൽ നിലകൊള്ളുന്ന ഒരു വലിയ മഹാനഗരമായി കാണുന്നതാണ് ശരി. ഒരു മഹാനഗരം ചുറ്റുമുള്ള പ്രദേശങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുപോലെ തന്നെ, ലോകം അമേരിക്കയെ ആശ്രയിക്കുന്നതുപോലെ, അമേരിക്കയും ലോകത്തിന്റെ മറ്റു ഭാഗങ്ങളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ പരസ്പര ആശ്രയത്വം മുറിച്ചെറിയാൻ ശ്രമിക്കുന്നത്, പുറത്തുനിന്നുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയും വേണ്ടെന്ന് പറഞ്ഞ് ഒരു നഗരം ഒറ്റയ്ക്ക് ജീവിക്കാൻ ശ്രമിക്കുന്നതു പോലെയുള്ള പ്രതീതിയാണ് നൽകുന്നത്. അത് ഒടുവിൽ ആ നഗരത്തെ തന്നെയാണ് തകർക്കുക.

അമേരിക്ക ഇപ്പോഴും ലോകത്തിലെ ഏറ്റവും നൂതനമായ സമ്പദ്വ്യവസ്ഥകളിലൊന്നാണെന്നത് സത്യമാണ്. പക്ഷേ ഈ നവീകരണത്തിന്റെ പിന്നിൽ എന്താണ് പ്രവർത്തിക്കുന്നത് എന്ന ചോദ്യമാണ് പ്രധാനപ്പെട്ടത്. ക്വാണ്ടിറ്റേറ്റീവ് ലഘൂകരണം പോലുള്ള നയങ്ങളിലൂടെ അമേരിക്ക വലിയ തോതിൽ പണം സമ്പദ്വ്യവസ്ഥയിലേക്ക് ഒഴുക്കുന്നു. സാധാരണ ഭാഷയിൽ പറഞ്ഞാൽ, “പണം അച്ചടിച്ച് വിപണിയിൽ വിടുന്നു.” ഇതിലൂടെ ഓഹരി വിപണികൾ ഉയരുന്നു, പുതിയ കമ്പനികൾ പിറക്കുന്നു, നിക്ഷേപങ്ങൾ ഒഴുകുന്നു. എന്താണ് വിജയിക്കുന്നത് എന്ന് അറിയാൻ എല്ലാം പരീക്ഷിക്കുന്ന ഒരു സമീപനമാണിത്. ഈ സംവിധാനം ഇത്രയും കാലം തകരാതെ പ്രവർത്തിച്ചത്, ഡോളർ ലോകത്തിന്റെ റിസർവ് കറൻസിയായതിനാലാണ്. ഡോളർ അമേരിക്കയിൽ മാത്രം ചുറ്റുന്നില്ല; അത് ലോകം മുഴുവൻ സഞ്ചരിക്കുന്നു. അതിനാൽ തന്നെ, അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട “കയറ്റുമതി ഉൽപ്പന്നം” ഡോളർ തന്നെയാണെന്ന് പറയാം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച വിദ്യാർത്ഥികളും ശാസ്ത്രജ്ഞരുമും എൻജിനീയർമാരും അമേരിക്കയിലേക്ക് ആകർഷിക്കപ്പെടുന്നതും ഇതേ കാരണത്താലാണ്. അത് ദേശസ്നേഹത്തിന്റെ വിളിയല്ല; അവസരങ്ങളുടെ ആകർഷണമാണ്. പണവും ഗവേഷണവും വിപണിയും ഒരിടത്ത് കൂടിച്ചേരുമ്പോൾ, ആളുകളും അവിടേക്ക് ഒഴുകും. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ വിപണിയായി അമേരിക്ക തുടരുന്നതും ഈ മഹാനഗര സ്വഭാവത്തിന്റെ ഫലമാണ്. എന്നാൽ ഈ ശക്തി നിലനിൽക്കുന്നത് രണ്ട് കാര്യങ്ങളിലാണ് അതിൽ ഒന്ന് പരിധിയില്ലാത്ത ധനസൃഷ്ടിയാണ് , മറ്റൊന്ന് ലോകത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രക്രിയകൾ അമേരിക്കയുമായി ചേർന്നുനിൽക്കുന്നു എന്നതാണ്. ഈ ബന്ധങ്ങളിൽ ഏതെങ്കിലും ഒന്ന് തകരുമ്പോൾ, മുഴുവൻ സംവിധാനവും കുലുങ്ങും.
അമേരിക്ക ഇന്ന് നേരിടുന്ന പല സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളും യാദൃശ്ചികമായുണ്ടായതല്ല, അവയുടെ വേരുകൾ രാജ്യത്തിന്റെ മഹാനഗര സ്വഭാവത്തിൽ തന്നെ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. നിർമ്മാണ മേഖലയിലെ ജോലികൾ പതുക്കെ ഇല്ലാതാകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ, അതിന് മറുപടി വളരെ ലളിതമാണ്. ആഗോള സമ്പദ്വ്യവസ്ഥയിൽ മൂലധനം ദേശസ്നേഹത്താൽ നയിക്കപ്പെടുന്നില്ല; ലാഭമാണ് അതിന്റെ ഏക മാനദണ്ഡം. തൊഴിൽ ചെലവ് കുറഞ്ഞതും ഭൂമിയും വിഭവങ്ങളും വിലകുറഞ്ഞതുമായ പ്രദേശങ്ങളിലേക്ക് ഉൽപ്പാദനം മാറുക എന്നത് ഒരു ആഗോള സാമ്പത്തിക നിയമം പോലെയാണ്. അമേരിക്ക പോലുള്ള ഒരു സാമ്പത്തിക കേന്ദ്രത്തിൽ, ഫാക്ടറികൾ നിലനിർത്തുന്നതിനെക്കാൾ അവ വിദേശത്തേക്ക് മാറ്റുന്നതാണ് കമ്പനികൾക്ക് കൂടുതൽ ലാഭകരം. അതിന്റെ ഫലമായി, ഒരുകാലത്ത് രാജ്യത്തിന്റെ അടിത്തറയായിരുന്ന നിർമ്മാണ തൊഴിലാളി വർഗ്ഗം ഇന്ന് തൊഴിലില്ലായ്മയുടെയും അനിശ്ചിതത്വത്തിന്റെയും പിടിയിലായി.
അസമത്വം വർധിക്കുന്നതും ഇതേ ഘടനയുടെ മറ്റൊരു മുഖമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ, മെച്ചപ്പെട്ട ജീവിതം തേടി, അമേരിക്കൻ മഹാനഗരത്തിലേക്ക് ഒഴുകിയെത്തുന്നു. എന്നാൽ എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ ലഭിക്കണമെന്നില്ല. വിദ്യാഭ്യാസം, സാമൂഹിക ബന്ധങ്ങൾ, സാമ്പത്തിക പിന്തുണ എന്നിവ ഇല്ലാത്ത പലരും കുടുങ്ങിപ്പോകുന്നു. വലിയ നഗരങ്ങളിൽ കാണുന്നതുപോലെ, ഒരുവശത്ത് അതിവിസ്മയകരമായ സമ്പത്തും ആഡംബരവും നിലനിൽക്കുമ്പോൾ, മറുവശത്ത് സ്ഥിരതയില്ലാത്ത ജോലികളും കുറഞ്ഞ വരുമാനവും ജീവിതച്ചെലവിന്റെ കടുത്ത സമ്മർദവും അനുഭവിക്കുന്ന വലിയൊരു ജനവിഭാഗം രൂപപ്പെടുന്നു. അമേരിക്കയിലെ വർധിച്ചുവരുന്ന വരുമാന വ്യത്യാസം ഈ മഹാനഗര യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ്.
ഒരു ലളിതമായ ഉദാഹരണം നോക്കാം. ഒരു മാക്ബുക്ക് കൈയിൽ എടുത്താൽ, ഔദ്യോഗികമായി അത് ഒരു അമേരിക്കൻ ഉൽപ്പന്നമാണ്. പക്ഷേ അത് അമേരിക്കയിൽ നിർമ്മിച്ചതല്ല, പൂർണമായി അവിടെ വികസിപ്പിച്ചതുമല്ല. ഡിസൈൻ, മാർക്കറ്റിംഗ്, ധനകാര്യ നിയന്ത്രണം എന്നിവയാണ് അമേരിക്കയിൽ നടക്കുന്നത്. യഥാർത്ഥ ഉൽപ്പാദനവും എൻജിനീയറിംഗും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നടക്കുന്നത്. അമേരിക്ക സൃഷ്ടിച്ച ആഗോള ഘടനയുടെ ഫലമാണ് ഈ ഉൽപ്പന്നം. മഹാനഗരത്തിൽ മുകളിൽ കാണുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്; അടിത്തട്ടിലെ വലിയ ഭാരം പുറത്താണ്.
ഇത്തരമൊരു ഘടനയിൽ നിന്ന് പെട്ടെന്ന് പിന്മാറുക എന്നത്, ഒരു ഭീമൻ ബഹുരാഷ്ട്ര കമ്പനി “ഇനി ഞാൻ ഒറ്റയ്ക്ക് മതി” എന്ന് പറഞ്ഞ് ആഗോള വിപണികളിൽ നിന്ന് പിന്മാറുന്നതുപോലെയാണ്. തുടക്കത്തിൽ മുകളിൽ എല്ലാം നന്നായി തോന്നാം. വലിയ ഓഫീസുകൾ, വലിയ ശമ്പളങ്ങൾ, വലിയ പദ്ധതികൾ. പക്ഷേ വിതരണ ശൃംഖലകൾ തകരുമ്പോൾ, വിപണികൾ നഷ്ടപ്പെടുമ്പോൾ, ആഘാതം ആദ്യം അനുഭവപ്പെടുന്നത് ആസ്ഥാനത്തായിരിക്കും. ഉയരത്തിലേക്ക് കയറുന്തോറും വീഴ്ച കൂടുതൽ വേദനാജനകമാകും.
ട്രംപിന്റെ സമീപനം ഇതേ പ്രശ്നം ആവർത്തിക്കുന്നു. ചെലവ് കുറയ്ക്കൽ, ജീവനക്കാരെ കുറയ്ക്കൽ, ലാഭകരമല്ലാത്ത കാര്യങ്ങൾ ഒഴിവാക്കൽ — ഒരു കമ്പനിയ്ക്ക് ഇത് യുക്തിസഹമായേക്കാം. എന്നാൽ ഒരു മഹാനഗരമായ രാജ്യത്തിന് ഇത് അപകടകരമാണ്. അന്താരാഷ്ട്ര സഹകരണത്തിലൂടെ നിർമ്മിക്കപ്പെട്ട ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്നത് വിതരണ ശൃംഖലകളെ തകർക്കും. കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുന്നത് തൊഴിലാളി ശക്തിയെ കുറയ്ക്കും. ആഗോള കാര്യങ്ങളിൽ നിന്ന് പിന്മാറുന്നത്, അമേരിക്കയെ തന്നെ ഒറ്റപ്പെടുത്തുകയും, അതിന്റെ ശക്തിയുടെ അടിത്തറ തകർക്കുകയും ചെയ്യും.
അതേസമയം ഒരു വശത്ത് ട്രംപ് , അമേരിക്ക ലോകകാര്യങ്ങളിൽ നിന്ന് പിന്മാറണം, മറ്റുള്ളവരുടെ പ്രശ്നങ്ങൾ തന്റേതല്ല എന്ന വാദം ഉയർത്തുമ്പോൾ തന്നെ. മറുവശത്ത്, മിഡിൽ ഈസ്റ്റിൽ ശക്തിപ്രദർശനം, ഉപരോധങ്ങൾ, സൈനിക ഭീഷണികൾ, ആണവ കരാറുകൾ തുടങ്ങിയ കാര്യങ്ങളാൽ തിരക്കിലാണ്. ഈ വൈരുദ്ധ്യമാണ് ട്രംപിസത്തിന്റെ യഥാർത്ഥ മുഖം. ലോകത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പറയുമ്പോഴും, അമേരിക്കയുടെ ശക്തി നിലനിർത്താൻ ലോകത്തെ തന്നെ നിരന്തരം സമ്മർദത്തിലാക്കേണ്ടിവരുന്നു. ഇറാനുമായുള്ള ഈ ഏറ്റുമുട്ടൽ, അമേരിക്കക്ക് ആഗോള ഇടപെടലുകളിൽ നിന്ന് പൂർണ്ണമായി പിന്മാറാൻ കഴിയില്ലെന്ന സത്യത്തിന്റെ ഏറ്റവും പുതിയ തെളിവാണ്.
ഇറാൻ വിഷയത്തിൽ സ്വീകരിച്ച കടുത്ത നിലപാട്, അമേരിക്കയെ കൂടുതൽ സുരക്ഷിതമാക്കിയിട്ടില്ല; മറിച്ച്, പുതിയ സംഘർഷങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും വലയത്തിലേക്കാണ് തള്ളിവിട്ടത്. ആഗോള വിശ്വാസ്യത ക്ഷയിക്കുകയും, സഖ്യകക്ഷികൾ പോലും സംശയത്തോടെ നോക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, അമേരിക്ക ഒറ്റയ്ക്ക് ശക്തിയോടെ നിൽക്കും എന്ന ധാരണ കൂടുതൽ പൊള്ളയായിത്തീരുന്നു. ഒരു മഹാനഗരം പോലെ, അമേരിക്കയുടെ ശക്തി അതിന്റെ ബന്ധങ്ങളിലാണ്, ആ ബന്ധങ്ങൾ വെട്ടിമാറ്റുമ്പോൾ അവശേഷിക്കുന്നത് ശക്തിയല്ല, ഒറ്റപ്പെടലാണ്.അതിനാൽ, ട്രംപിസവും മാഗ സിദ്ധാന്തവും അമേരിക്കയെ രക്ഷിക്കുമെന്ന വാഗ്ദാനം ഒരു രാഷ്ട്രീയ മിഥ്യ മാത്രമാണ്. അമേരിക്കയെ രക്ഷിക്കില്ല മറിച്ച്, അതിന്റെ തകർച്ചയെ മാത്രമാണ് വേഗത്തിലാക്കുക.
The post ചീട്ടുകൊട്ടാരം പോലെ തകരുന്ന സാമ്രാജ്യം; ട്രംപ് എന്ന ‘ഡീൽ മേക്കർ’ അമേരിക്കയെ എവിടെ എത്തിക്കും? appeared first on Express Kerala.



