
ബംഗ്ലാദേശ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ടി20 ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) ചെയർമാൻ മൊഹ്സിൻ നഖ്‌വിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തി. ഇന്ത്യയുടെ ബാറ്റിംഗ് കരുത്തിന് മുന്നിൽ തകർന്നടിയാൻ താല്പര്യമില്ലെങ്കിൽ ടൂർണമെന്റിൽ നിന്ന് പാകിസ്ഥാൻ മാറി നിൽക്കുന്നതാണ് നല്ലതെന്ന് ശ്രീകാന്ത് പരിഹസിച്ചു. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഇന്ത്യ പുറത്തെടുക്കുന്ന വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീകാന്തിന്റെ ഈ ആഞ്ഞടിക്കൽ.
തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെ, ഇന്ത്യൻ താരങ്ങൾ സിക്സറുകൾ പറത്തുന്നത് കൊളംബോയിൽ നിന്ന് അടിച്ചാൽ മദ്രാസിൽ വീഴുന്ന അത്രയും വേഗത്തിലായിരിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 15 ഓവറിൽ 209 റൺസും മറ്റും അടിച്ചുകൂട്ടുന്ന ഇന്ത്യൻ നിരയെ കാണുമ്പോൾ മറ്റുള്ളവർക്ക് പേടി തോന്നുന്നത് സ്വാഭാവികമാണെന്നും, അതിനാൽ എന്തെങ്കിലും കാരണം പറഞ്ഞ് ലോകകപ്പിന് വരാതിരിക്കുന്നതാണ് പാകിസ്ഥാന് അന്തസ്സെന്നും ശ്രീകാന്ത് തുറന്നടിച്ചു. ഇന്ത്യയുടെ ‘ചുണക്കുട്ടികൾ’ പാക് ടീമിനെ നിലംപരിശാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഇന്ത്യ-പാക് പോരാട്ടം മുടങ്ങുമോ? ലോകകപ്പിലെ പാക് സാന്നിധ്യം തുലാസിൽ
ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകകപ്പ് ബഹിഷ്കരിക്കുമെന്നായിരുന്നു നഖ്‌വി ആദ്യം നൽകിയ സൂചന. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ടൂർണമെന്റിൽ നിന്ന് പൂർണ്ണമായി പിന്മാറാതെ, ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്കരിക്കാനാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ നീക്കം. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചെങ്കിലും അന്തിമ തീരുമാനം വരും ദിവസങ്ങളിൽ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാണ് പിസിബി വൃത്തങ്ങൾ നൽകുന്ന വിവരം.
The post അടി ഉറപ്പാണ്, മിണ്ടാതെ മാറി നില്‍ക്കുന്നതാണ് നല്ലത്; നഖ്‌വിക്ക് ചുട്ട മറുപടിയുമായി ശ്രീകാന്ത് appeared first on Express Kerala.



