
രണ്ടാം പിണറായി സർക്കാരിന്റെ അവസാന പൂർണ്ണരൂപ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. സാമൂഹിക ക്ഷേമത്തിന് ഊന്നൽ നൽകുന്ന ബജറ്റിൽ ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ആശ്വാസകരമായ പ്രഖ്യാപനങ്ങളുണ്ട്. ആശാവർക്കർമാരുടെയും അങ്കണവാടി വർക്കർമാരുടെയും ഓണറേറിയം 1000 രൂപ വീതം വർധിപ്പിച്ചു. അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപയും സാക്ഷരതാ പ്രേരക്മാർക്ക് 1000 രൂപയുമാണ് വർധിപ്പിച്ചത്. കൂടാതെ തൊഴിൽ മേഖലയിലെ നൂതന പദ്ധതിയായ ‘കണക്ട് ടു വർക്കി’നായി 400 കോടി രൂപ വകയിരുത്തുകയും ചെയ്തു.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും അവഗണനയെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും നികുതി വിഹിതം കുറച്ചും കേരളത്തെ ശ്വാസം മുട്ടിക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫെഡറലിസം തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നിൽക്കണമെന്നും, കേന്ദ്ര അവഗണനയിലും തളരാതെ വികസന ക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read: കീടനാശിനി മുഖത്ത് വീണ് ചികിത്സയിലായിരുന്ന കടയുടമ മരിച്ചു
അടുത്ത പത്ത് വർഷത്തിനുള്ളിൽ ‘ന്യൂ നോർമൽ കേരളം’ യാഥാർത്ഥ്യമാക്കുമെന്ന ദീർഘവീക്ഷണമാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്. കേരളത്തിന്റെ മതനിരപേക്ഷ ചിന്താഗതിയിൽ വിഷം കലർത്താൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും അതിനെ പ്രതിരോധിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണെന്നും കഴിഞ്ഞ നാല് വർഷത്തിനിടെ സാമ്പത്തിക മേഖലയിൽ ഗുണകരമായ പുരോഗതി ഉണ്ടായതായും ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് ധനമന്ത്രി പുതിയ പദ്ധതികൾ അവതരിപ്പിച്ചത്.
The post കേരള ബജറ്റ്! ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഓണറേറിയം കൂട്ടി; വികസനക്കുതിപ്പിന് ‘കണക്ട് ടു വർക്ക്’ appeared first on Express Kerala.



