
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജനക്ഷേമത്തിന് വലിയ പ്രാധാന്യം നൽകിക്കൊണ്ട് സാമൂഹിക ക്ഷേമ പെൻഷനായി 14,500 കോടി രൂപ വകയിരുത്തി. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റത് മുതൽ ക്ഷേമ പെൻഷനുകൾ ഘട്ടംഘട്ടമായി വർദ്ധിപ്പിച്ച കാര്യം ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രത്യേകം പരാമർശിച്ചു. കൂടാതെ സ്ത്രീ സുരക്ഷാ പെൻഷനായി 3,820 കോടി രൂപയും നീക്കിവെച്ചു. നിലവിൽ ജനസംഖ്യയുടെ 30 ശതമാനം പേർക്ക് വിവിധ ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും ഏകദേശം ഒരു കോടി ജനങ്ങളിലേക്ക് സർക്കാർ സഹായം എത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായതെന്ന് ബജറ്റ് പ്രസംഗം ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ദേശീയപാത വികസനം യാഥാർത്ഥ്യമാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തി കൊണ്ടാണെന്ന് ധനമന്ത്രി പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേന്ദ്രത്തിൽ നിന്ന് കടുത്ത അവഗണന നേരിട്ടിട്ടും കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്തിന് വികസന രംഗത്ത് വലിയ പുരോഗതി കൈവരിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: മതമല്ല വിശപ്പാണ് പ്രശ്നം; ഷാജിക്ക് മറുപടിയുമായി കെ.എൻ. ബാലഗോപാൽ
കേന്ദ്ര സർക്കാർ നികുതി വിഹിതവും വായ്പാ പരിധിയും വെട്ടിക്കുറച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിച്ചെങ്കിലും തനത് നികുതി വരുമാനത്തിലൂടെയാണ് സംസ്ഥാനം പിടിച്ചുനിന്നതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പൊതുകടം ഇപ്പോഴും താങ്ങാവുന്ന പരിധിയിലാണെന്നും അദ്ദേഹം അറിയിച്ചു. 2024-25 കാലയളവിൽ പൊതുകടവും ആഭ്യന്തര വളർച്ചയും തമ്മിലുള്ള അനുപാതത്തിൽ നേരിയ വർദ്ധനവുണ്ടായെങ്കിലും കേന്ദ്ര അവഗണനയ്‌ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് ബജറ്റ് അവതരണം തുടരുന്നത്.
The post ക്ഷേമ പെൻഷന് 14,500 കോടി! വികസനക്കുതിപ്പുമായി സംസ്ഥാന ബജറ്റ് appeared first on Express Kerala.



