
പാകിസ്ഥാൻ ക്രിക്കറ്റ് ടീം ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന ആശങ്കകൾക്ക് വിരാമമാകുന്നു. ഐസിസിയുടെ കടുത്ത നടപടികളും സാമ്പത്തിക തകർച്ച ഭയന്നുള്ള രാഷ്ട്രീയ സമ്മർദ്ദവും പാക് ക്രിക്കറ്റ് ബോർഡിനെ (പിസിബി) നിലപാട് മാറ്റാൻ പ്രേരിപ്പിച്ചു. ബഹിഷ്കരണ ഭീഷണി മുഴക്കിയ പാകിസ്ഥാൻ ഒടുവിൽ ലോകകപ്പിനായി കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു.
ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് നീക്കിയതിൽ പ്രതിഷേധിച്ചും ഇന്ത്യയുമായുള്ള മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നും ഭീഷണിപ്പെടുത്തിയ പാകിസ്ഥാൻ, ഒടുവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒറ്റപ്പെടലും 320 കോടി രൂപയുടെ നഷ്ടപരിഹാര കേസും ഭയന്നാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക നേതൃത്വവും പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വിയുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിലാണ് ടീമിനെ അയക്കാൻ തീരുമാനമായത്. ലോകകപ്പ് ബഹിഷ്കരിക്കുന്നത് ഐസിസിയിൽ നിന്നുള്ള കോടികളുടെ ഫണ്ട് നഷ്ടപ്പെടുത്തുമെന്നും പാക് ടീമിന്റെ അന്താരാഷ്ട്ര പദവി ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിൽ ഓസ്‌ട്രേലിയയുമായി പാകിസ്ഥാനിൽ ടി20 പരമ്പര കളിക്കുന്ന സൽമാൻ അലി ആഗയുടെ നേതൃത്വത്തിലുള്ള ടീം, ഓസീസ് താരങ്ങൾക്കൊപ്പമായിരിക്കും കൊളംബോയിലേക്ക് തിരിക്കുക. ഇന്ത്യയുമായുള്ള ഹൈ-വോൾട്ടേജ് മത്സരമുൾപ്പെടെ എല്ലാ മത്സരങ്ങളിലും പാകിസ്ഥാൻ കളിക്കുമെന്നാണ് പുതിയ സൂചനകൾ. ഇന്ത്യക്കെതിരെ കറുത്ത ആം ബാൻഡ് ധരിക്കുമെന്നൊക്കെയുള്ള മുൻ തീരുമാനങ്ങൾ ഉണ്ടാകുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം. ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ പിസിബി വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
The post ഭീഷണി വെറുതെയായി, പാകിസ്ഥാൻ മുട്ടുമടക്കി! 320 കോടി പോയേക്കുമെന്ന് ഭയം; ഇന്ത്യയുമായുള്ള പോരാട്ടത്തിന് തയ്യാർ appeared first on Express Kerala.



