സംസ്ഥാനത്ത് സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തി. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിൽ പവന് 8,640 രൂപ വർധിച്ച് വില 1,31,160 രൂപയിലെത്തി. ഗ്രാമിന് 1,080 രൂപ ഉയർന്ന് 16,395 രൂപയായി. ആഭ്യന്തര വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം സ്വർണത്തിന് 1,75,869 രൂപയായപ്പോൾ, ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലേക്ക് കുതിച്ചു. സ്വർണത്തിന് പിന്നാലെ വെള്ളിവിലയും വർധിച്ച് കിലോഗ്രാമിന് നാല് ലക്ഷം രൂപയ്ക്ക് അടുത്തെത്തിയിട്ടുണ്ട്.
അമേരിക്കൻ ഡോളറിന്റെ മൂല്യം നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചതാണ് സ്വർണവില ഉയരാൻ പ്രധാന കാരണമായത്. ഇതിനുപുറമെ, ഡോളറിന്റെ മൂല്യം കുറച്ചുനിർത്താനുള്ള വൈറ്റ് ഹൗസിന്റെ നീക്കങ്ങളും ഉടൻ പലിശനിരക്ക് കുറയ്ക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൂചനകളും വിപണിയെ സ്വാധീനിച്ചു. അമേരിക്കയിലെ ഉപഭോക്തൃ ആത്മവിശ്വാസം 11 വർഷത്തെ താഴ്ന്ന നിലയിലെത്തിയതും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് ആകർഷിച്ചു.
Also Read: ഇനി ഇൻഷുറൻസ് എല്ലാവർക്കും! കാരുണ്യക്ക് പുറത്തുള്ളവർക്കും ചികിത്സാ പരിരക്ഷ
വില ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. 2026-ഓടെ സ്വർണവില ഔൺസിന് 6,000 ഡോളർ വരെ എത്തിയേക്കാമെന്ന് ഡോയ്ചെ ബാങ്ക് പ്രവചിക്കുന്നു. ഡോളറിന്റെ തകർച്ചയും കേന്ദ്ര ബാങ്കുകൾ സ്വർണം ശേഖരിക്കുന്നതും തുടരുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിലും സ്വർണ വിപണിയിൽ വലിയ മുന്നേറ്റം പ്രതീക്ഷിക്കാം.
The post കൈവിട്ട് സ്വർണം! ഒരു ദിവസം കൊണ്ട് കൂടിയത് എണ്ണായിരത്തിലധികം രൂപ; ഇത് എങ്ങോട്ടാണ് പോകുന്നത്? appeared first on Express Kerala.



