
മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പിൽ അയോഗ്യത വിധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹൈക്കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ മതസ്പർദ്ധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്തു എന്നാരോപിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന എം.വി. നികേഷ് കുമാറാണ് കോടതിയെ സമീപിച്ചത്. ഈ പരാതിയിൽ ഷാജിക്ക് ആറ് വർഷത്തെ മത്സര വിലക്ക് ഹൈക്കോടതി ഏർപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് സുപ്രീംകോടതി ഈ വിധി സ്റ്റേ ചെയ്യുകയും, വോട്ടവകാശമില്ലാതെ സഭയിൽ തുടരാൻ ഷാജിക്ക് അനുമതി നൽകുകയും ചെയ്തിരുന്നു. നിലവിൽ ഹർജിയിലെ മറ്റ് ആവശ്യങ്ങൾ അപ്രസക്തമായെങ്കിലും ഹൈക്കോടതി വിധിച്ച അയോഗ്യതയെങ്കിലും നിലനിർത്തണമെന്ന നികേഷ് കുമാറിന്റെ വാദമാണ് സുപ്രീംകോടതി ഇപ്പോൾ തള്ളിയത്.
തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് വർഷങ്ങളായി നീണ്ടുനിന്ന നിയമപോരാട്ടത്തിനാണ് സുപ്രീംകോടതി വിധിയിലൂടെ അന്ത്യമായിരിക്കുന്നത്. അയോഗ്യത നീങ്ങിയതോടെ കെ.എം. ഷാജിക്ക് വരാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ നിയമപരമായ തടസ്സങ്ങളില്ല. മുസ്‌ലിം ലീഗിനും യുഡിഎഫിനും വലിയ രാഷ്ട്രീയ മുൻതൂക്കം നൽകുന്നതാണ് ഈ വിധി.
The post ഹൈക്കോടതിക്ക് അയോഗ്യത വിധിക്കാൻ അധികാരമില്ല; കെ.എം. ഷാജിക്ക് ആശ്വാസമായി സുപ്രീംകോടതി ഉത്തരവ് appeared first on Express Kerala.



