
യുവതാരം തിരുവീറിനെ നായകനാക്കി നവാഗതനായ ഭരത് ദർശൻ സംവിധാനം ചെയ്യുന്ന “ഓ സുകുമാരി” എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ‘യാദഗിരി’ എന്ന ഗ്രാമീണ യുവാവായാണ് തിരുവീർ എത്തുന്നത്. ലുങ്കിയും ബനിയനും ധരിച്ച്, തോളിൽ തോർത്തുമിട്ട് പരുക്കൻ ലുക്കിൽ നിൽക്കുന്ന താരത്തിന്റെ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഐശ്വര്യ രാജേഷാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പക്കാ റൊമാന്റിക് കോമഡി എൻ്റർടെയ്നറാണ് ഈ ചിത്രം. നേരത്തെ ചിത്രത്തിലെ നായിക ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന ‘ദാമിനി’ എന്ന കഥാപാത്രത്തിന്റെ ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചുരുണ്ട മുടിയും താടിയുമായി തികച്ചും വ്യത്യസ്തമായ ഒരു രൂപത്തിലാണ് തിരുവീർ ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മുരളിധർ ഗൗഡ്, വിഷ്ണു ഓയി, ഝാൻസി, അമാനി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ “ഓ സുകുമാരി” ഇപ്പോൾ ചിത്രീകരണ ഘട്ടത്തിലാണ്. തെലുങ്ക് കൂടാതെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. “പ്രീ വെഡ്ഡിംഗ് ഷോ” എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തിരുവീർ നായകനാകുന്ന സിനിമ എന്ന നിലയിലും, ഐശ്വര്യ രാജേഷിന്റെ പുതിയ തെലുങ്ക് ചിത്രം എന്ന നിലയിലും വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഈ പ്രോജക്റ്റിലുള്ളത്.
The post “ഓ സുകുമാരി” ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് appeared first on Express Kerala.



