
തെലങ്കാനയിലെ വികാരാബാദിൽ പ്രണയബന്ധത്തെ എതിർത്ത മാതാപിതാക്കളെ നഴ്സായ മകൾ മരുന്ന് കുത്തിവച്ചു കൊലപ്പെടുത്തി. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ നക്കല സുരേഖ (20) ആണ് ഈ ക്രൂരകൃത്യം ചെയ്തത്. തന്റെ പ്രണയം മാതാപിതാക്കൾ അംഗീകരിക്കില്ലെന്ന് ഉറപ്പായതോടെ, ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്നും മരുന്ന് മോഷ്ടിച്ചുകൊണ്ടുവന്ന് അച്ഛനും അമ്മയ്ക്കും ഉയർന്ന അളവിൽ കുത്തിവയ്ക്കുകയായിരുന്നു.
കുറച്ചുനാളുകളായി ഈ പ്രണയബന്ധത്തെ ചൊല്ലി സുരേഖയുടെ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നു. കൊലപാതകം നടത്തുന്നതിനായി ആശുപത്രിയിൽ നിന്നും നാല് കുപ്പി മരുന്നാണ് യുവതി മോഷ്ടിച്ചത്. കുത്തിവയ്പിനെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ മാതാപിതാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തിൽ സംശയം തോന്നിയ ഡോക്ടർ പോലീസിനെ വിവരമറിയിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
Also Read: വനിതാ കമാൻഡോയെ ഭർത്താവ് കൊലപ്പെടുത്തി! തലയ്ക്കടിച്ചത് ഡംബൽ കൊണ്ട്; പ്രതി അറസ്റ്റിൽ
തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സുരേഖ കുറ്റം സമ്മതിച്ചു. പ്രണയബന്ധത്തിന് തടസ്സം നിന്നതാണ് കൊലപാതകത്തിന് കാരണമെന്ന് യുവതി പോലീസിനോട് പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും സുരേഖയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
The post പ്രണയപ്പകയിൽ മാതാപിതാക്കളെ കൊന്നു! ആശുപത്രിയിൽ നിന്ന് മരുന്ന് മോഷ്ടിച്ചെത്തിച്ച് കുത്തിവച്ചു; നഴ്സ് അറസ്റ്റിൽ appeared first on Express Kerala.



