
അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ സജീവമാകുന്നു. അജിത് പവാറിന്റെ ഒഴിവിലേക്ക് അദ്ദേഹത്തിന്റെ ഭാര്യയും രാജ്യസഭാ അംഗവുമായ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കാനുള്ള നീക്കങ്ങളാണ് എൻസിപി നടത്തുന്നത്.
മുംബൈയിൽ ചേർന്ന എൻസിപി നേതൃയോഗത്തിലാണ് സുനേത്ര പവാറിനോട് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ നേതാക്കൾ ആവശ്യപ്പെട്ടത്. പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബാൽ തുടങ്ങിയ മുതിർന്ന നേതാക്കൾ സുനേത്രയെ സന്ദർശിച്ച് ഇക്കാര്യത്തിൽ സമ്മതം തേടി. സുനേത്ര പവാർ ഈ പദവിയിലെത്തണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി നർഹരി സിർവാൽ വ്യക്തമാക്കി. ഈ നിർദ്ദേശം ഔദ്യോഗികമായി അറിയിക്കുന്നതിനായി പാർട്ടി നേതാക്കൾ ഉടൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തും.
Also Read: പരിഹാരങ്ങൾ നിർദ്ദേശിക്കൂ, സഭയെ ക്രിയാത്മകമാക്കൂ; എംപിമാർക്ക് നിർദ്ദേശവുമായി പ്രധാനമന്ത്രി
അജിത് പവാറിന്റെ വിയോഗത്തോടെ പാർട്ടിയുടെ നേതൃത്വത്തിലേക്ക് വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ എത്തിയേക്കും. സുനേത്ര ഉപമുഖ്യമന്ത്രിയാകുകയാണെങ്കിൽ അജിത് പവാറിന്റെ മണ്ഡലമായ ബാരാമതിയിൽ അവർ ജനവിധി തേടാനാണ് സാധ്യത. ഭരണപരമായ പരിചയസമ്പത്തില്ലെങ്കിലും രാഷ്ട്രീയമായി സജീവമായ സുനേത്രയെ മുൻനിർത്തി പാർട്ടിയിൽ പിളർപ്പുകൾ ഒഴിവാക്കാനാണ് എൻസിപിയുടെ ശ്രമം.
The post മഹാരാഷ്ട്രയിൽ പവാർ കുടുംബത്തിൽ നിന്ന് അടുത്ത ഉപമുഖ്യമന്ത്രി? സുനേത്ര പവാറിനായി എൻസിപി നേതാക്കൾ appeared first on Express Kerala.



